മൂവാറ്റുപുഴ : മൂവാറ്റുപുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍. അരുണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് റോഡ് ഷോയോടെ തുടക്കമായി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ നിന്ന് തുടങ്ങിയ റോഡ് ഷോയില്‍ നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും അണിനിരന്നു.
സ്ഥാനാര്‍ഥിയുടെ ചിത്രവും ചുവന്ന ബലൂണുകളും ചെങ്കൊടികളുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ. പാതയോരങ്ങളില്‍ കാത്തുനിന്നവര്‍ ഹാരമണിയിച്ചും പൊന്നാടയണിയിച്ചും അരുണിനെ സ്വീകരിച്ച് വിജയം ആശംസിച്ചു.
പോസ്റ്റ് ഓഫീസ് കവല, കച്ചേരിത്താഴം, നെഹ്റു പാര്‍ക്ക് എന്നിവിടങ്ങള്‍ ചുറ്റി ചാലിക്കടവ് ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ മുന്‍ എംഎല്‍എ ബാബുപോള്‍ അധ്യക്ഷനായി. ഇന്ന് പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളില്‍ അരുണ്‍ വോട്ടര്‍മാരെയും പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിക്കും.