പ്രതീകാത്മക ചിത്രം
കാസര്‍ഗോഡ്: കോട്ടയത്ത് വിവാഹത്തിന് ഭക്ഷണം എത്തിക്കാത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സത്യസന്ധമായും ഗുണമേന്മയോടെയും പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങളുടെ വിശ്വാസ്യത സംശയത്തിലാകുന്ന സാഹചര്യമുണ്ടാക്കിയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് കേരള കാറ്ററേഴ്സ് ഭാരവാഹികള്‍. കാറ്ററിംഗ് സ്ഥാപനങ്ങളുടെ പ്രമോഷനുകളായി സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന റീല്‍സ്, ഷോര്‍ട്ട്സ് വീഡിയോകളെ ജനങ്ങള്‍ കണ്ണടച്ച് വിശ്വസിക്കരുത്. ഇവയുടെ സത്യസന്ധത പരിശോധിക്കപ്പെടേണ്ടതാണ്.
ചില വ്യക്തികള്‍ ഒന്നോ രണ്ടോ വര്‍ക്കുകളില്‍ അസിസ്റ്റ് ചെയ്തശേഷം സ്വന്തമായി സ്ഥാപനം തുടങ്ങുകയും നേരത്തെ വര്‍ക്ക് ചെയ്ത സ്ഥാപനത്തിന്റെ പേരിലോ പരിചയത്തിലോ വര്‍ക്കുകള്‍ എടുക്കുകയും ചെയ്യാറുണ്ട്. ഇവര്‍ക്ക് സ്ഥിരംകിച്ചനോ ഭക്ഷ്യസുരക്ഷ സര്‍ട്ടിഫിക്കറ്റോ ഉണ്ടാകില്ല. ഇത്തരക്കാരുടെ ഭാഗത്തുനിന്നാണ് പലപ്പോഴും വീഴ്ചകളുണ്ടാകുന്നത്. കാറ്ററിംഗ് രംഗത്ത് സത്യസന്ധതയോടും മികവോടും പ്രവര്‍ത്തിക്കുന്നവരും ഇതിന്റെ ദോഷം അനുഭവിക്കുന്നു.
ഇത്തരം തെറ്റായ പ്രവണതകളെ ശക്തമായി അപലപിക്കുന്നതായും ജനങ്ങള്‍ ജാഗ്രത കാട്ടണമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് വിമല്‍കുമാര്‍, ജില്ലാ പ്രസിഡന്റ് ബി.എച്ച്. അബ്ദുള്‍ ഖാദര്‍, സെക്രട്ടറി ടി.ടി. അബു, ഗോപാലകൃഷ്ണന്, സലിം ചെമ്മനാട് എന്നിവര്‍ പങ്കെടുത്തു.