ഇരിട്ടി: ആറളം ഫാമിൽ ചെത്തുതൊഴിലാളി തെങ്ങിൽ കയറി കള്ളു ചെത്തുന്നതിനിടെ എത്തിയ കാട്ടാന തെങ്ങിൻ ചുവട്ടിൽ മണിക്കൂറുകളോളം നിലയുറപ്പിച്ചത് പരിഭ്രാന്തി പരത്തി. കഴിഞ്ഞദിവസം ബ്ലോക്ക് അഞ്ചിലായിരുന്നു സംഭവം. ചെത്തുതൊഴിലാളിയായ വിളക്കോട് സ്വദേശി സിനേഷിനാണ് മണിക്കൂറുകളോളം കാട്ടാന ഭീതിയിൽ തെങ്ങിൻ മുകളിൽ കഴിച്ചു കൂട്ടേണ്ടി വന്നത്. പിടിയാനയാണ് പ്രദേശത്തെ ഏറെ നേരം ഭീതിയിലാക്കിയത്.
സിനേഷ് പതിവുപോലെ രാവിലെ കള്ളു ചെത്താനായി തെങ്ങിൽ കയറിയതായിരുന്നു. താഴെനിന്ന് പതിവിന് വിപരീതമായി ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ചുവട്ടിൽ കാട്ടാനയെ കണ്ടത്. തെങ്ങിൻ തോട്ടത്തിൽ എത്തുന്ന കാട്ടാനകൾ സാധാരണയായി തെങ്ങ് കുലുക്കുകയോ തള്ളിയിടുകയോ ആണ് പതിവ്.ഇക്കാര്യം അറിയാവുന്നതിനാൽ സിനേഷ് ശബ്ദമുണ്ടാക്കാതെ തെങ്ങിന്റെ മുകളിൽ ഭീതിയോടെയാണ് കഴിഞ്ഞത്.
ഏറെനേരം കഴിഞ്ഞിട്ടും ആന മാറിയില്ല. ഇതോടെ ജീവൻ രക്ഷിക്കാൻ മറ്റ് വഴികൾ ഇല്ലാതെ സിനേഷ് ഒരു സാഹസത്തിന് മുതിർന്നു. തൊട്ടടുത്ത തെങ്ങിലേക്ക് കെട്ടിയിരുന്ന മാട്ടുകയർ (ചെത്തുതൊഴിലാളികൾ തെങ്ങുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കയർ) വഴി അപകടകരമായ രീതിയിൽ അടുത്ത തെങ്ങിലേക്ക് മാറി. അപ്പോഴും ആന അതേ തെങ്ങിൻചുവട്ടിൽ തന്നെ നിൽക്കുകയായിരുന്നു. അടുത്ത തെങ്ങിന്റെ മുകളിൽ സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തിയശേഷം ഫോണെടുത്ത് ആനയുടെ ദൃശ്യങ്ങളും പകർത്തി. ഏറെനേരം സമീപത്ത് ചുറ്റിക്കറങ്ങിയ കാട്ടാന തൊട്ടടുത്ത റോഡ് ഭാഗത്തേക്ക് മാറിയതോടെയാണ് ഭീതിയകന്നത്. പിന്നീട് സുഹൃത്തുക്കളെയും മറ്റുള്ളവരെയും വിവരമറിയിക്കുകയായിരുന്നു.
Tags : nattu vishesham Cattle at the bottom