കണ്ണൂർ: മയക്കുമരുന്ന് ശൃംഖല തകർക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പോലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാനിൽ കണ്ണൂർ ജില്ലയിൽ വൻ വേട്ട. കതിരൂർ, പാനൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജിന്റെ നിർദേശപ്രകാരമായിരുന്നു രണ്ടിടങ്ങളിലും പോലീസ് പരിശോധന നടത്തിയത്. കതിരൂരിൽ കാറിൽ കടത്തുകയായിരുന്ന 16.4393 ഗ്രാം എംഡിഎംഎ സഹിതം നാലു പേരും പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്നു പേരുമാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് കതിരൂർ പോലീസ് നടത്തിയ പരിശോധനയിൽ ചോനാടം സ്വദേശി എൻ. ജംഷീർ (21), കണ്ണവം സ്വദേശി കെ.വി.സഹീർ (38), മാടപ്പീടിക സ്വദേശികളായ തൻവീർ (35), റെനെ ഒലിവർ (46) എന്നിവരാണ് അറസ്റ്റിലായത്. സംശയാസ്പദ സാഹചര്യത്തിൽ വഴിയരികിൽ നിർത്തിയിട്ട നിലയിലായിരുന്നു കാർ. പോലീസ് വിശദമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്.
അറസ്റ്റിലായ സഹീറിന്റെ പേരിൽ തലശേരി സ്റ്റേഷനിൽ മറ്റൊരു എംഡിഎംഎ കേസും റെനെ ഒലിവറിന്റെ പേരിൽ മാഹി പള്ളൂർ പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് കേസുമുണ്ടെന്ന് പോലീസ് പറഞ്ഞു. കതിരൂർ എസ്ഐ കെ.എസ്. ഹരിദേവ് കെ.എസ്, എസ്സിപിഒ മനേഷ്, സിപിഒ നിജിത്ത്, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പാനൂർ പോലീസ് നടത്തിയ പരിശോധനയിൽ പാത്തിപ്പാലം സ്വദേശി കെ.കെ. നിധിൻരാജ് (36), ഇളങ്കോട് സ്വദേശി കെ.ആഷിത് (35), മൊകേരി സ്വദേശി പി.റോഷിൻ പി(34) എന്നിവരാണ് പിടിയിലായത്. പിടിയിലായവരിൽ ഒരാളുടെ വീട്ടിൽ നിന്ന് 3.36 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പാനൂർ എസ്ഐ പി.ആർ. ശരത്ത് , എസ്ഐ മുഹമ്മദ് സജീർ, എഎസ്ഐ ഷാജി, എസ്സിപിഎ സീന, സിപിഒ ഷിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കഞ്ചാവ് പിടികൂടി
പയ്യന്നൂർ: പയ്യന്നൂരിലെ ജ്യോതിഷാലയത്തിൽ നിന്ന് കഞ്ചാവ് പിടികൂടി. ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി കാങ്കോല്‍ വടശേരിയിലെ പി. ശ്രീനാഥിനെതിരെ (40) പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വൈകുന്നേരം പയ്യന്നൂര്‍ എസ്ഐ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമര് അലമാരയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിൽ 5.77 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
Tags :