തളിപ്പറന്പ്/കൂത്തുപറന്പ്: പട്ടുവം ദീനസേവന സഭാസ്ഥാപക ദൈവദാസി മദർ പേത്രയടക്കം അഞ്ച് കന്യാസ്ത്രീകൾ മരിച്ച വാഹന ദുരന്തത്തിന് ഇന്ന് അന്പതാണ്ട്. അന്ന് വാഹനം ഓടിച്ചിരുന്ന സിസ്റ്റർ മറിയം ഇപ്പോൾ പട്ടുവത്തെ ദീന സേവനസഭാ ആസ്ഥാനത്തുണ്ട്. 76 ാം വയസിലും അപകടത്തിന്റെ ഓർമകൾ സിസ്റ്ററിനെ വേട്ടയാടുന്നു. 1976 ജൂൺ അഞ്ചിന് ഉച്ചയോടെയായിരുന്നു ചിറ്റാരിപ്പറമ്പിനടുത്ത് മാനന്തേരി പതിനാലാം മൈൽ വളവിൽ അപകടമുണ്ടായത്.
അപകട ദിവസം രാവിലെ എട്ടോടെയാണ് മദർ പേത്രയുടെ നേതൃത്വത്തിലുള്ള പതിനെട്ടംഗസംഘം മാനന്തവാടിയിലെ സ്നേഹഭവനിൽ നിന്ന് പട്ടുവത്തേക്ക് വാനിൽ പുറപ്പെട്ടത്. ആറുമാസം മുന്പാണ് വാൻ വാങ്ങിയതെന്ന് സിസ്റ്റർ മറിയം പറഞ്ഞു. മാനന്തവാടി ജൂബിലി ഹൗസിൽ ഒരുമാസത്തെ ക്ലാസും ധ്യാനവും കഴിഞ്ഞ് മടങ്ങുകയായിരുന്നു ഞങ്ങൾ.
കോട്ടയത്തായിരുന്ന മദറിനെ ഞങ്ങൾ ഇതേ വാനിൽ തലേന്ന് മാനന്തവാടിയിലേക്ക് കൊണ്ടുവന്നതായിരുന്നു. സുഖമില്ലാഞ്ഞതിനാൽ വാനിന്റെ മുന്നിലെ ഇടതുവശത്തെ സീറ്റ് നീക്കി കിടക്ക പോലെയാക്കി മദറിനെ അതിൽ കിടത്തിയായിരുന്നു പട്ടുവത്തേക്ക് പുറപ്പെട്ടതെന്നും സിസ്റ്റർ ഓർക്കുന്നു. അഞ്ചുവർഷത്തോളം സഭയുടെ വാഹനം ഓടിച്ചിരുന്ന സിസ്റ്റർ അപകടത്തിന് ശേഷം വാഹനം ഓടിച്ചിട്ടേയില്ല.
മാനന്തേരി പതിനാലാം മൈൽ വളവിലെത്തിയപ്പോൾ എതിരെ വരികയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിലുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീണു. തലശേരി - പൂളക്കുറ്റി റൂട്ടിലോടുന്ന റൈസിംഗ് സ്റ്റാർ ബസാണ് വാനിൽ ഇടിച്ചത്. അപകടത്തിൽ ബസിലെ പലർക്കും പരിക്കേറ്റിരുന്നു. അപകട വളവിലെ റോഡിന് വീതികുറവായിരുന്നു. റോഡിന് ഇരുവശവും വലിയ മരങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. അപകടം പതിവായതോടെ ഇവിടെ പിന്നീട് ഡിവൈഡർ സ്ഥാപിച്ചു.
സിസ്റ്റർ എലക്ട, സിസ്റ്റർ കത്രീന എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സിസ്റ്റർ മത്തിയയുടെയും സിസ്റ്റർ സെബതിയുടെയും അന്ത്യം ആശുപത്രിയിലായിരുന്നു. തലശേരിയിൽനിന്ന് കോഴിക്കോട്ടേക്ക് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ കൊയിലാണ്ടിയിൽ വച്ചാണ് മദർ പേത്ര അന്ത്യശ്വാസം വലിച്ചത്. "അപകടത്തിൽ എനിക്ക് നെറ്റിയിൽ ആഴത്തിൽ മുറിവേറ്റു. കൂത്തുപറമ്പ് ആശുപത്രിയിൽ മുറിവ് തുന്നിക്കെട്ടി. മൂന്നുദിവസം കഴിഞ്ഞാണ് മദർ മരിച്ച കാര്യം എന്നെ അറിയിച്ചത്...' ദീനസേവന സഭ രൂപീകരിക്കുന്പോൾ മദർ പേത്രയ്ക്കൊപ്പമുണ്ടായിരുന്ന എട്ട് കന്യാസ്ത്രികളിൽ ഒരാളായ സിസ്റ്റർ മറിയം വേദനയോടെ ഓർക്കുന്നു.
കറുത്ത ദിനത്തിന്റെ ഓർമകളുമായി
ആ കറുത്തദിനത്തിന്റെ സ്മാരകം ഇപ്പോഴും മാനന്തേരി പതിനാലാംമൈലിൽ കാണാം. റിട്ട. ഫോറസ്റ്റ് റേഞ്ചർ യു.കെ.വാസുവായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അദ്ദേഹം തന്നെയാണ് മദർ പേത്രയ്ക്ക് സ്മാരകം പണിയാൻ രണ്ട് സെന്റ് ഭൂമി വിട്ടുനൽകിയത്.
അദ്ദേഹം ഇപ്പോഴില്ല. അന്നത്തെ നടുക്കുന്ന ഓർമകളുമായി സംഭവത്തിന് ദൃക്സാക്ഷികളായ ചിലർ ഇന്നും മാനന്തേരിയിലുണ്ട്. കൂട്ടനിലവിളി കേട്ടാണ് സംഭവസ്ഥലത്തേക്ക് ഓടിച്ചെന്നതെന്ന് 82 കാരിയായ സി.കെ.സതി ഓർക്കുന്നു.സംഭവസമയം പതിനാലാം മൈലിലെ കടയിൽ ഇരിക്കുകയായിരുന്ന കൊന്നോറയിലെ യു.പി. ശ്രീധരനും അപകടസ്ഥലത്തേക്ക് ഓടിയെത്തിയിരുന്നു. രക്തത്തിൽ കുളിച്ചായിരുന്നു പലരും റോഡിലേക്ക് തെറിച്ചുവീണത്. വാഹനം കിട്ടാതെ പരിക്കേറ്റവരെ ഏറെ നേരം റോഡിൽ കിടത്തേണ്ടി വന്നതായും ഇദ്ദേഹം ഓർക്കുന്നു.
മദർ പേത്രയുടെ ചരമവാർഷിക ആചരണം ഇന്ന്
മദർ പേത്രയുടെ അമ്പതാം ചരമവാർഷിക ആചരണം ഇന്ന് രാവിലെ മദർ അന്ത്യവിശ്രമം കൊള്ളുന്ന പട്ടുവം സ്നേഹനികേതൻ ആശ്രമ ചാപ്പലിൽ നടക്കും. രാവിലെ 11ന് നടക്കുന്ന തിരുക്കർമങ്ങളിൽ കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പട്ടുവം, വെള്ളിക്കീൽ ഇടവകകളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മദർ പേത്ര എൻഡോവ്മെന്റ് കാഷ് അവാർഡ് വിതരണം ചെയ്യും. 2009 ജൂണ് 14 നാണ് കണ്ണൂർ ബിഷപ്പായിരുന്ന ഡോ.വർഗീസ് ചക്കാലയ്ക്കൽ മദർ പേത്രയെ ദൈവദാസി പദവിയിലേക്ക് ഉയർത്തിയ പ്രഖ്യാപനം നടത്തിയത്.
Tags : nattu vishesham