തലശേരി: തലശേരി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ എട്ടു കിലോഗ്രാം കഞ്ചാവ് പിടികൂടി. എക്സൈസ് വകുപ്പ് നടത്തുന്ന 'ഓപ്പറേഷൻ തണ്ടർ' പദ്ധതിയുടെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.10 ന് മംഗളൂരു-കോയന്പത്തൂർ എക്സ്പ്രസ് കടന്നുപോയതിനു തൊട്ടുപിന്നാലെയാണ് രണ്ടാം നന്പർ പ്ലാറ്റ് ഫോമിൽ സംശയകരമായ നിലയിൽ കഞ്ചാവ് ചാക്കിൽകെട്ടി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ട്രെയിനിൽ കടത്തിക്കൊണ്ടുവന്നവർ പരിശോധന ഭയന്ന് കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്നാണ് കരുതുന്നത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആർപിഎഫ് എസ്ഐ മനോജ്കുമാർ, ഹെഡ് കോൺസ്റ്റബിൾ ഇ.ടി.കെ. പവിത്രൻ, കോൺസ്റ്റബിൾ കെ.റിബേഷ്, ക്രൈം സ്ക്വാഡ് ഹെഡ് കോൺസ്റ്റബിൾമാരായ എം. ബൈജു, ടി. ബിജേഷ്, തലശേരി എക്സൈസ് ഇൻസ്പെക്ടർ ജി.ആദർശ്, അസി. ഇൻസ്പെക്ടർമാരായ ടി.സന്തോഷ്,കെ.സി. ഷിബു, പ്രിവന്റീവ് ഓഫീസർമാരായ കെ.സുമേഷ്, കെ.പി. റോഷി, എം.കെ. പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർമാരായ സി.പി. രതീഷ്, കെ. സരിൻ രാജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.