എടത്വ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണത്തിന് പൊങ്കാല വീഥികളില്‍ ഇടംപിടിച്ച് ഭക്തലക്ഷങ്ങള്‍. നാവില്‍ ദേവീസ്തുതികളും കൈയില്‍ പൂജ ദ്രവ്യങ്ങളുമായി അംഗനമാര്‍ എത്തുമ്പോള്‍ മധ്യതിരുവിതാംകുറിലെ മഹാസംഗമത്തിനാണ് ക്ഷേത്രം ഇന്നു വേദിയാകുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. പ്രധാന വീഥിയില്‍ അടുപ്പു കൂട്ടാനുള്ള തിരക്ക് ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു. കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലയില്‍നിന്നുള്ള ഭക്തര്‍ രണ്ടു ദിവസം മുന്‍പേ ക്ഷേത്രത്തില്‍ എത്തി പൂജകളില്‍ പങ്കെടുക്കുന്നുണ്ട്. ചക്കുളത്തുകാവ് പൊങ്കാലയുടെ സുഗമമായ നടത്തിപ്പിന് ആലപ്പുഴ, പത്തനംതിട്ട ജില്ല കളക്ടര്‍മാരുടെ നേത്യത്വത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പൊങ്കാല നടക്കുന്ന തകഴി, എടത്വ, കിടങ്ങറ, തിരുവല്ല, കാവുംഭാഗം, പൊടിയാടി, ചെങ്ങന്നൂര്‍, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ ട്രാഫിക് നിയന്ത്രണവും സുരക്ഷയും കര്‍ശനമാക്കി. ചെറുവാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊടിയാടി ജംഗ്ഷനില്‍ താത്കാലിക എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. പ്രധാന റോഡുകളിലും ഇടറോഡുകളിലും പോലീസ് പട്രോളിംഗ് നടത്തും. വിവിധ ഡിപ്പോകളില്‍നിന്നു കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസുകളും എടത്വ, തിരുവല്ല ഡിപ്പോയില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനവും നടത്തുന്നുണ്ട്.
പൊങ്കാല ദിനത്തില്‍ വ്യാജമദ്യം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ സ്പെഷല്‍ സ്ക്വാഡുകളെ ഏര്‍പ്പെടുത്തി. എടത്വ, തലവടി, ചാത്തങ്കരി, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല ഗവ. ആശുപത്രികളല്‍ അടിയന്തര ചികിത്സാക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിന് മരുന്നുകളും ആബുലന്‍സും സജ്ജമാണ്. കുടിവെള്ളവിതരണം ഉറപ്പുവരുത്തി. ജല അതോറിറ്റിക്കു പുറമേ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കിയോസ്ക്കുകള്‍ സ്ഥാപിച്ചു.
അടിയന്തര ഘട്ടത്തില്‍ വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ 3000-ത്തിലധികം ക്ഷേത്ര വോളണ്ടിയേഴ്സ് നിര്‍ദേശങ്ങളുമായി സേവന പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധരാണ്. പോലീസ്, കെഎസ്ആര്‍ടിസി, ആരോഗ്യ- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, ജല അഥോറിറ്റി, എക്സൈസ്,ജല ഗതാഗതം, റവന്യു എന്നീ വകുപ്പുകളുടെ സേവനം ആലപ്പുഴ-പത്തനംതിട്ട ജില്ലാ കളക്ടര്‍ മാരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് പൂര്‍ണമായി നിരോധിച്ചും ഹരിതചട്ടങ്ങള്‍ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങള്‍ നടത്തുന്നത്.
ചക്കുളത്തുകാവില്‍
പൊങ്കാല ഇന്ന്
എടത്വ: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാര്‍ത്തിക പൊങ്കാല മഹോത്സവം ഇന്ന് നടക്കും. പൊങ്കാലയില്‍ പങ്കെടുക്കാനുള്ള തീര്‍ഥാടകര്‍ ദിവസങ്ങള്‍ക്ക് മുന്‍പേ ക്ഷേത്രത്തില്‍ എത്തിചേര്‍ന്നിരുന്നു. കഠിന വ്രതത്തിന് ശേഷമാണ് ഭക്തര്‍ പൊങ്കാലയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ക്ഷേത്രത്തില്‍ നിന്ന് കിലോമീറ്ററോളം ദൂരത്തില്‍ പൊങ്കാല കലങ്ങള്‍ നിരക്കും. തകഴി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂര്‍, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാര്‍, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണ് പൊങ്കാല അടുപ്പുകള്‍ നിരക്കുന്നത്.
മൂവായിരത്തോളം വോളന്റിയേഴ്സിനെ ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലും പാര്‍ക്കിംഗ് സ്ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ട്. വിവിധ ഡിപ്പാര്‍മെന്റുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സാമുദായിക-സാമൂഹിക-സാംസ്കാരിക സന്നദ്ധ സംഘടനകള്‍ എന്നിവർ പൊങ്കാല നടത്തിപ്പിന് നേത്യത്വം നല്‍കും. സുരക്ഷ ക്രമീകരണങ്ങള്‍ക്ക് പോലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ് എന്നിവരുടെ നേവനം പത്തനംതിട്ട, ആലപ്പുഴ ജില്ല കളക്ടര്‍മാരുടെ നേത്യത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ നാലിന് നിര്‍മാല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.
Tags : Chakkulathukavu Temple nattuvisesham local news