നിലമ്പൂർ: ചാലിയാർ പഞ്ചായത്തിന് അപൂർവ നേട്ടം. തുടർച്ചയായി രണ്ടാംതവണയും പ്രസിഡന്റ് സ്ഥാനം പട്ടികവർഗ വിഭാഗത്തിന്. നിലവിൽ പട്ടികവർഗ ജനറൽ വിഭാഗത്തിനാണ് പ്രസിഡന്റ് സ്ഥാനം.
സിപിഎമ്മിലെ പി. മനോഹരനാണ് പ്രസിഡന്റ്. മലപ്പുറം ജില്ലയിൽ പട്ടിക വർഗ വനിതാസംവരണമുള്ളത് ചാലിയാർ പഞ്ചായത്തിൽ മാത്രമാണ്. അതിനാലാണ് ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികവർഗ വനിതാ സംവരണമായത്. ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികവർഗ നഗറുകളുള്ളതും ചാലിയാർ പഞ്ചായത്തിലാണ്. നിലവിൽ പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ ജനറൽ സംവരണമായിരുന്നതിനാൽ ഇക്കുറി പ്രസിഡന്റ് സ്ഥാനം വനിതാസംവരണമോ ജനറൽ വിഭാഗമോ ആകുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതിനായി കാത്തിരുന്ന നേതാക്കളാണ് വെട്ടിലായത്.
പ്രധാന മുന്നണികൾ ഇത് മുന്നിൽ കണ്ട് പട്ടികവർഗ സംവരണ വാർഡിലേക്ക് സ്ഥാനാർഥിയെ കണ്ടെത്തിയതായാണ് സൂചന.
നിലവിലെ പ്രസിഡന്റ് പി.മനോഹരൻ പണിയർ വിഭാഗത്തിൽ നിന്നുമുള്ള രാജ്യത്തെ ആദ്യപ്രസിഡന്റാണ്. ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ വനിതാസംവരണമായതോടെ ജില്ലയിലെ ആദ്യത്തെ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള വനിതാ പ്രസിഡന്റിനായി കാത്തിരിക്കുകയാണ് ചാലിയാർ പഞ്ചായത്ത് നിവാസികൾ.