ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡ് കല്ല് അടുക്കി ഉയർത്തുന്നു.
ചമ്പക്കുളം: ചമ്പക്കുളം ബസിലിക്കയുടെ സമീപത്ത് പമ്പയാറിന് കുറുകെ നിർമിച്ചിരിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴുന്നത് ഒഴിവാക്കാൻ അറ്റുകുറ്റപ്പണി ആരംഭിച്ചു. ഇരുവശങ്ങളിലും കമ്പിവലയ്ക്കുള്ളിൽ കരിങ്കല്ല് അടുക്കി ബലപ്പെടുത്തി സമീപനപാതയും പാലവും ചേരുന്ന ഇടം ഉയർത്തി ടാർ ചെയ്യുന്നതിനുള്ള പ്രാഥമിക നടപടികളാണ് ഇപ്പോൾ ആരംഭിച്ചത്.
പാലം ഗതാഗതത്തിന് തുറന്നുകൊടുത്തപ്പോൾ മുതൽ സമീപനപാത ഇടിഞ്ഞു താഴ്ന്നിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ നിരവധി തവണ ഇവിടെ അറ്റുകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും സമീപനപാത ഇടിഞ്ഞു താഴുകയും പാലവും പാതയും ചേരുന്ന സ്ഥലത്ത് കുഴികൾ രൂപപ്പെടുകയും ചെയ്യുക പതിവായിരുന്നു.
ഭാരവാഹനങ്ങൾ ഉൾപ്പടെ നിരവധി വാഹനങ്ങളാണ് ഈ പാലം വഴി കടന്നുപോകുന്നത്. പാലത്തിന്റെ അപകടാവസ്ഥയെപ്പറ്റി ദീപിക ഉൾപ്പടെയുള്ള മാധ്യമങ്ങളിൽ വാർത്തകൾ വരുമ്പേൾ താത്കാലിക അറ്റുകുറ്റപ്പണികൾ നടത്തിയിരുന്നു. കുട്ടനാട് എംഎൽഎയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക അറ്റുകുറ്റപ്പണി ഒഴിവാക്കി നിർമാണം ആരംഭിച്ചിരിക്കുന്നത്.
Tags : NattuVishasham DistrictNews