കാഞ്ഞങ്ങാട്: മലയോരത്തേക്കുള്ള പ്രധാന പാതയായ ചെമ്മട്ടംവയല്‍- കാലിച്ചാനടുക്കം റോഡില്‍ കുറ്റിക്കാല്‍ ബല്ല വയലിലെ നിര്‍മാണം അനന്തമായി നീളുന്നു. ഏപ്രില്‍ 19നു തുറന്നുനല്‍കുമെന്ന് പിഡബ്ല്യുഡി അസി. എന്‍ജിനിയര്‍ നല്കിയ ഉറപ്പ് പാഴായി.
വയലിലെ കല്‍വര്‍ട്ട് പൊളിച്ച് റോഡ് വീതി കൂട്ടി ഉയര്‍ത്താനുള്ള പണിയാണ് നടക്കുന്നത്. മഴയ്ക്ക് മുന്‍പ് പോലും പണി പൂര്ത്തിയായേക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ചെമ്മട്ടംവയല്‍-കാലിച്ചാനടുക്കം റോഡില്‍ 18.7 കിലോമീറ്റര്‍ നവീകരിച്ചപ്പോള്‍ ഇവിടെ 200 മീറ്റര്‍ നവീകരിച്ചിരുന്നില്ല. മഴക്കാലത്ത് റോഡ് പതിവായി മുങ്ങുന്നതിനാലാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്.
വഴിയടച്ചതോടെ ജില്ലാ ആശുപത്രി ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ കല്യാണ്‍റോഡ് വഴി നാലു കിലോമീറ്റര്‍ അധികം കറങ്ങിയാണ് പോകുന്നത്. ഇതോടെ അമ്പലത്തുകര വരെയുള്ള മൂന്നു കിലോമീറ്റര്‍ ഭാഗത്തെ യാത്രക്കാര്‍ക്ക് ബസ് സൗകര്യം ലഭിക്കാതെയായി.
ഹൈവേയുടെ ജോലി കാരണം മാവുങ്കാല്‍ കറങ്ങുന്നത് ഒഴിവാക്കാന്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ നിന്നു തന്നെ ഫ്ലൈഓവറില്‍ കയറി കല്യാണം ഭാഗത്തേക്ക് പ്രവേശിക്കും. ഇതു ചെമ്മട്ടംവയല്‍ ഭാഗത്ത് നിന്നു മടിക്കൈയിലേക്ക് പോകേണ്ടവര്‍ക്കും ദുരിതമായിട്ടുണ്ട്. കാഞ്ഞങ്ങാട് നിന്നു മടിക്കൈയിലൂടെ നീലേശ്വരത്തേക്ക് മാത്രം പോകുന്ന ബസിന് പ്രതിദിനം 1000 രൂപയുടെ ഡീസല്‍ ചെലവ് കൂടിയതായും വരുമാനവും 1000 രൂപയോളം കുറഞ്ഞതായും ഉടമ പറയുന്നു. മടിക്കൈ വഴി മലയോരത്തേക്ക് പോകുന്ന യാത്രക്കാര്‍ക്കും റോഡുപണി നീളുന്നത് സമയനഷ്ടമുണ്ടാക്കി. സ്കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളും ദുരിതത്തിലാകും.
Tags : Road closed nattuvishesham local news