അലക്സ് നഗർ: ശ്രീകണ്ഠപുരം നഗരസഭയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചെരിക്കോട് മുണ്ടയാട്ട് കുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി ഇഴയുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപയും നഗരസഭയിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ചാണു നവീകരണം. കുടിവെള്ളം, കൃഷി, സ്കൂൾ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം തുടങ്ങിയ ആവശ്യങ്ങൾക്കായാണു കുളം ഉപയോഗിക്കുക.
കഴിഞ്ഞവർഷം ഒക്ടോബറിലാണു പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിച്ചത്. സജീവ് ജോസഫ് എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്. മുൻ വാർഡ് കൗൺസിലർ ത്രേസ്യാമ്മ മാത്യുവിന്റെയും നഗരസഭയുടെയും സ്വപ്നപദ്ധതിയാണിത്. ഏതാനും ആഴ്ചകളായി പ്രവൃത്തി ഇഴയുകയാണ്.
കാലവർഷം എത്തിയതോടെ കുളത്തിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. വെള്ളം തുറന്നു വിട്ടില്ലെങ്കിൽ അപകടത്തിനും സാധ്യതയുണ്ട്.
കുളത്തിന് കരിങ്കൽഭിത്തി കെട്ടി ഉയർത്തണമെന്ന ആവശ്യവും ശക്തമായി ഉയർന്നുവരുന്നുണ്ട്. ഇനി മഴ തീരാതെ പ്രവൃത്തി നടക്കില്ല. കുളത്തിന്റെ ഒരുവശം മണ്ണിടിഞ്ഞ നിലയിലാണുള്ളത്.
Tags : village reconstruction work