നിവേദനം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയപ്പോൾ.
താമരശേരി: പരിസ്ഥിതിലോല മേഖല (ഇഎസ്എ) കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോഴിക്കോട് ജില്ലയിലെ 10 വില്ലേജുകൾ ഉൾപ്പെടുന്ന എട്ട് പഞ്ചായത്തുകളുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താനായി കേരള പഞ്ചായത്ത് അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ
കണ്ടപ്പോഴായിരുന്നു അദേഹത്തിന്റെ പ്രതികരണം.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും, കേന്ദ്ര വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രിയും, മന്ത്രിമാരും ഈ വിഷയത്തിൽ ചർച്ച നടത്തുകയും പൊതു സമൂഹത്തിന് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ ഈ വിഷയത്തിന് കൃത്യമായ പരിഹാരം ഉണ്ടാകുമെന്നും ഉറപ്പു നല്കി.
എംഎൽഎമാരായ സി.കെ. കാസിം, വി.ടി. സൂരജ് എന്നിവരോടൊപ്പം പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികളായ ബിജു താന്നിക്കാകുഴി, പ്രേംജി ജെയിംസ്, ജിതേഷ് മുതുകാട്, അലക്സ് തോമസ് ചെമ്പകശേരി, മനോജ് വാഴേപറമ്പിൽ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. ഇതോടൊപ്പം സംസ്ഥാന പരിസ്ഥിതി മന്ത്രി അഡ്വ. സണ്ണി ജോസഫിനെയും കൃഷി മന്ത്രി ടി. സിദ്ദിഖിനെയും കണ്ട് ജനങ്ങളുടെ ആശങ്കകൾ അറിയിച്ചു. ഇഎസ്എ കരട് വിജ്ഞാപനത്തിലെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രിക്കും, കേരള പരിസ്ഥിതി മന്ത്രിക്കും കൈമാറുകയും ചെയ്തു.
തിരുത്തണമെന്ന് ടി.എം ജോസഫ്
കൂരാച്ചുണ്ട്: ഇഎസ്എ കരട് വിജ്ഞാപനത്തിലെ അതിർത്തിനിർണയവും ഭൂപടങ്ങളും ശാസ്ത്രീയമായി പുനഃപരിശോധിക്കണമെന്നും വില്ലേജുകളുടെ വ്യക്തമായ മാപ്പ് കേരള ബയോ ഡയവേഴ്സിറ്റി ബോർഡിന്റെ സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് ആവശ്യപ്പെട്ടു. വനസംരക്ഷണത്തിന്റെ പേരിൽ തലമുറകളായി കൃഷി ചെയ്ത് ജീവിക്കുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നീതിയുക്തമല്ല. ജനങ്ങളുടെ ആശങ്ക അകറ്റാൻ തയാറാകണം.
ഇഎസ്എവിരുദ്ധ സമരത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് - എം കൂരാച്ചുണ്ടിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം. പശ്ചിമഘട്ടത്തിൽ 56,825.7 ചതുരശ്രകിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമേഖലയായി നിർദേശിക്കുന്ന കരട് വിജ്ഞാപ നത്തിൽ കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്രകിലോമീറ്റർ പ്രദേശമാണ് ഉൾപ്പെടു ത്തിയിരിക്കുന്നത്. ഈ തെറ്റു തിരുത്താൻ കേരള സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.
ഒരു വില്ലേജിനെ മുഴുവനായി ഇഎസ്എയിൽ ഉൾപ്പെടുത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്നും ടി. എം. ജോസഫ് കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡന്റ് ബേബി പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. നാരായണൻ, ഷാജു പ്ലാത്തോട്ടം, വിനോദ് കിഴക്കയിൽ, വിൽസൺ പാത്തിച്ചാലിൽ, രാഘവൻ കല്ലാനോട്, എം.സി. ജോയി, ഇ.ടി. സനീഷ്, സിനി ഷിജോ, കെ.കെ. സന്തോഷ്, എൻ.പി. ഗോപി, ടോം തടത്തിൽ, സ്റ്റീഫൻ ഇലവുങ്കൽ, വിൽസൺ വാതൽകുന്നേൽ എന്നിവർ പ്രസംഗിച്ചു.
ചെമ്പനോടയിൽ കർഷകർ കത്തയച്ചു
പേരാമ്പ്ര: ഇഎസ്എയുടെ മറവിൽ വന നിയമം അടിച്ചേൽപ്പിച്ച് മലയോര ജനതയുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള നീക്കം കഠിനാധ്വാനത്തിലൂടെ മണ്ണിൽ പൊന്നു വിളയിച്ചവരോടുള്ള വെല്ലു വിളിയാണെന്ന് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്.
ചക്കിട്ടപാറ പഞ്ചായത്തിൽ പരിസ്ഥിതി ലോല മേഖല വനത്തിനുള്ളിൽ തന്നെ നിജപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്തുകളയക്കുന്ന ജനകീയ കൂട്ടായ്മയുടെ പരിപാടി ചെമ്പനോട പോസ്റ്റോഫീസിനു സമീപം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്. ആദ്യ കത്ത് പ്രസിഡന്റ് തന്നെ തപാൽ പെട്ടിയിൽ നിക്ഷേപിച്ചു.
ചോര നീരാക്കി വരും തലമുറക്ക് കൈമാറാനുള്ള പൂർവീക സ്വത്ത് ഇഎസ്എയുടെ പേരിൽ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് മലയോര ജനതയെന്നും അവർ കൂട്ടിച്ചേർത്തു. ചെമ്പനോട സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ഡൊമിനിക് മുട്ടത്തു കുടിയിൽ അധ്യക്ഷത വഹിച്ചു. വന നിയമങ്ങൾ കരി നിയമങ്ങളാക്കി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന് അദ്ദേഹം അധികാരികളെ ഓർമപ്പെടുത്തി. ചെമ്പനോടയും ചക്കിട്ടപാറയുമടക്കം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിലെ മുഴുവൻ പ്രശ്ന ബാധിത പ്രദേശത്തുള്ളവരെയും ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറാവണമെന്നും ഫാ. ഡൊമിനിക് മുട്ടത്തു കുടിയിൽ അഭ്യർത്ഥിച്ചു.
മലയോര ജനത വനത്തിന്റെ ശത്രുക്കളല്ലെന്നും മിത്രങ്ങളാണെന്നും പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ പൂഴിത്തോട് അമലോത്ഭവ മാതാ പള്ളി വികാരി ഫാ. മൈക്കിൾ നീലംപറമ്പിൽ പറഞ്ഞു. കർഷകരുടെ അവകാശങ്ങൾ സംരംക്ഷിക്കാൻ യോജിച്ചുള്ള ജനകീയ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചക്കിട്ടപാറ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.എ. ജോസ് കുട്ടി, ജനപ്രതിനിധികളായ ലിജി തുണ്ടത്തി കുന്നേൽ, ജിൻസി മനോജ്, ജിനീഷ് കല്ലുംപുറത്ത്, പൂഴിത്തോട്ടിലെ കർഷകൻ ബോബൻ വെട്ടിക്കൽ എന്നിവർ പ്രസംഗിച്ചു. കർഷകരായ ജോസ് മലയാറ്റൂർ, ജോബി ഇടച്ചേരിൽ, ജോസുകുട്ടി തോട്ടുങ്കര തുടങ്ങിയവർ നേതൃത്വം നൽകി. വനിതകളടക്കമുള്ള ഒട്ടനേകം കർഷകർ കേന്ദ്ര പരിസ്ഥിതി ഓഫീസിലേക്കുള്ള കത്തയക്കൽ പരിപാടിയിൽ പങ്ക് ചേർന്നു.
കത്തുകളയച്ച് പ്രതിഷേധിച്ചു
തിരുവമ്പാടി: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടി ഫൊറോനയും വിവിധ യൂണിറ്റ് ഭാരവാഹികളും. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കാതെയുള്ള കരട് വിജ്ഞാപനം മലയോര ജനതയിൽ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, വിജ്ഞാപനത്തിനെതിരേ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് 700 ഓളം പ്രതിഷേധ കത്തുകളാണ് അയച്ചത്.
ജനങ്ങളുടെ ആശങ്കകൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. അസിസ്റ്റന്റ് ഡയറക്ടർ ഫാ. സാവിയോ മലമ്പേൽ, രൂപത വൈസ് പ്രസിഡന്റ് പ്രിൻസ് തിനംപറമ്പിൽ, ഫൊറോന പ്രസിഡന്റ് ജോസഫ് പുലക്കുടിയിൽ, യൂണിറ്റ് പ്രസിഡന്റ് രാജൻ ചെമ്പകം, വൈസ് പ്രസിഡന്റ് ടോമി ചക്കിട്ടമുറിയിൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി തോമാച്ചൻ പുത്തൻപുരയിൽ, ട്രഷറർ സണ്ണി പുതുപറമ്പിൽ, ജോയിന്റ് സെക്രട്ടറി തങ്കച്ചൻ മുട്ടത്ത് എന്നിവർ നേതൃത്വം നൽകി.
Tags : ESA NattuVishasham DistrictNews