ചിറങ്ങര അടിപ്പാത നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ.
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചിറങ്ങരയിലും മുരിങ്ങൂരിലും പുരോഗമിക്കുന്ന അടിപ്പാത നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തി. നിർമാണം പൂർത്തിയാക്കുമെന്ന് നാഷണൽ ഹൈവേ അഥോറിറ്റി ജില്ലാ കളക്ടർക്ക് നൽകിയിരുന്ന ഉറപ്പ് (സമയപരിധി) ഇന്ന് അവസാനിക്കുമ്പോഴും നിർമാണം അവസാന ലാപ്പിലാണെ ന്ന് അധികൃതർ അറിയിച്ചു.
പുതിയ ജില്ലാ കളക്ടറായി ചുമതലയേറ്റ ശിഖ സുരേന്ദ്രൻ ഈ മാസം ഒന്പതിന് ചിറങ്ങരയിൽ നേരിട്ടെത്തി നിർമാണപുരോഗതി വിലയിരുത്തിയിരുന്നു. പ്രവർത്തനങ്ങളിലെ മന്ദഗതി അനുവദിക്കാനാകില്ലെന്നും കൂടുതൽ തൊഴിലാളികളെ വിന്യസിച്ച് അടിയന്തര പ്രാധാന്യത്തോടെ ജോലികൾ പൂർത്തിയാക്കണമെന്നും എൻഎച്ച്എഐ. പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസനോട് കളക്ടർ ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ വീഴ്ചകൾ, വെളിച്ചക്കുറവ്, ഡ്രെയിനേജ് അപാകതകൾ, വെള്ളക്കെട്ട് തുടങ്ങിയ വിഷയങ്ങളിൽ കർശന മേൽനോട്ടവും ഉറപ്പാക്കാൻ നിർദേശം നൽകിയിരുന്നു.
ഏകദേശം ഒന്നര വർഷമായി തുടരുന്ന നിർമാണ പ്രവർത്തനങ്ങളിൽ കളക്ടറുടെ സന്ദർശനത്തിനു ശേഷം കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ മാത്രമാണ് ഗണ്യമായ പുരോഗതി ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ചിറങ്ങരയിലും പേരാമ്പ്രയിലും ടാറിംഗ് പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. മുരിങ്ങൂരിൽ ടാറിംഗ് അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും. ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലെ അടിപ്പാതകളും അനുബന്ധ സൗകര്യങ്ങളും പൂർത്തിയാക്കി ഒരു മാസത്തിനകം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാകുമെന്ന് നിർമാണ കമ്പനി അധികൃതർ അറിയിച്ചു.
മീഡിയൻ, ക്രാഷ് ബാരിയർ, പെയിന്റിംഗ്, ട്രാക്ക്, റിഫ്ലക്റ്റിംഗ് സ്റ്റഡ്സ്, വഴിവിളക്കുകൾ, സൂചന ബോർഡുകൾ എന്നിവയുടെ ജോലികളാണ് ഇനി ബാക്കിയുള്ളത്. മൂന്ന് സ്പാനുകളിലായി തൂണുകളിലുയർത്തുന്ന പാലം നിർമിക്കുന്ന കൊരട്ടിയിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നലു മാസത്തിനകം ഇത് പൂർത്തിയാക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്.