കനത്ത മഴയിൽ കളക്ടറേറ്റു വളപ്പിൽ രൂപപ്പെട്ട വെള്ളക്കെട്ട്.
കാക്കനാട്: മഴകനത്തതോടെ കളക്ടേറ്റ് വളപ്പിന്റെ പ്രധാന പ്രവേശന കവാടത്തിലടക്കം കനത്ത വെള്ളക്കെട്ടുണ്ടായിട്ടും ജില്ലാഭരണകൂടത്തിലെ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരുടേത് അനങ്ങാപ്പാറ നയം.
അശസ്ത്രീയമായി നിർമിച്ച റോഡിൽ പലയിടത്തും മണ്ണിരുന്നു പോയ ശേഷവും അറ്റകുറ്റപ്പണികൾ നടത്താതെ അവിടങ്ങളിൽ ഇന്റർലോക്ക് കട്ട വിരിച്ചതും വെള്ളക്കെട്ടിന് കാരണമായി. പഴയതും പുതിയതുമായ കളക്ടേറ്റ് സമുച്ചയങ്ങളിലായി 1,600 ലേറെ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.
ഓരോ ദിവസവും വിവിധ ആവശ്യങ്ങളുമായി ആയിരക്കണക്കിനാളുകളാണ് ഇവിടേക്കെത്തുന്നത്. കാടുകയറിയ കളക്ടേറ്റ് വളപ്പാകെ വിഷപ്പാമ്പുകൾ പെരുകിയ നിലയിലാണ്. കാട് തെളിക്കാനോ, നിലവിലുള്ള റോഡ് സഞ്ചാരയോഗ്യമാക്കാനോ അധികൃതർ ശ്രമിക്കാത്തതു കാരണം വളപ്പിൽ രൂപപ്പെട്ട കനത്ത വെള്ളക്കെട്ടിലൂടെയാണ് ജീവനക്കാർ ഓഫീസുകളിൽ എത്തുന്നത്.