പ്രതീകാത്മക ചിത്രം
തലശേരി: വ്യാജരേഖ ചമച്ച് തന്റെ വകുപ്പിന് കീഴിലുള്ള തസ്തികയിലേക്ക് ഒരാളെ നിയമിച്ചതായി കാണിച്ച് സാന്പത്തിക ക്രമക്കേട് നടത്തിയെന്ന വിജിലൻസ് കേസിൽ കോളജ് അധ്യാപകന് ആറു വർഷം കഠിന തടവും 80,000 രൂപ പിഴയും.
കണ്ണൂർ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ചിറക്കൽ സ്വദേശിയും കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാന്പസിലെ ഫിസിസിക്സ് വിഭാഗം മേധാവിയും സിൻഡിക്കേറ്റ് മെംബറുമായ ഡോ.എൻ.കെ. ദീപക്കിനെയാണ് തലശേരി വിജിലൻസ് കോടതി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്.
2008ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്വാമി ആനന്ദതീർഥ കാന്പസിൽ ജോലി ചെയ്തു വരവേ ഫിസിക്സ് വിഭാഗത്തിൽ പ്രഫഷണൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ദിവസവേതന ഒഴിവിലേക്കുള്ള നിയമനത്തിൽ ക്രമക്കേട് നടത്തുകയായിരുന്നു. ഒഴിവിലേക്കായി കെമിസ്ട്രി വിഭാഗത്തിൽ സമാന തസ്തികയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരന്റെ പേരിൽ തസ്തികയ്ക്കാവശ്യമായ യോഗ്യത തെളിയിക്കുന്ന വ്യാജരേഖ ചമച്ച് നിയമനം നടത്തിയതായി സർവകലാശാലയെ തെറ്റിദ്ധരിപ്പിച്ച് ശന്പളം അനധികൃതമായി കൈപ്പറ്റിയെന്നായിരുന്നു കേസ്.
വിജിലൻസ് കണ്ണൂർ യൂണിറ്റ് ഡിവൈഎസ്പിയായിരുന്ന വി. മധുസൂദനൻ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി ബാബു പെരിങ്ങേത്തായിരുന്നു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി.അനൂബ് ഹാജരായി.
Tags : District News Nattuvishesham College teacher imprisonment