കളേഴ്സ് ഓഫ് ഹോപ്പ് പരിപാടിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചിത്രം വരയ്ക്കുന്നു.
കൊച്ചി: മയക്കുമരുന്നിനെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കുള്ള സ്വാതന്ത്ര്യമാണ് ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിമുക്ത കേരളം എന്ന സന്ദേശവുമായി കളേഴ്സ് ഓഫ് ഹോപ് എന്ന പേരിൽ വൈറ്റില വാട്ടർ മെട്രോ ടെർമിനലിൽ റോട്ടറി ക്ലബ് ഓഫ് കളമശേരി, പ്രഷ്യൻ ബ്ലൂ ആർട്ട് ഹബുമായി സഹകരിച്ച് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെയിന്റിംഗിലൂടെ ശക്തമായ സന്ദേശമാണ് കലാകാരന്മാർ നൽകുന്നത്. മൂന്നു മണിക്കൂർ പ്രസംഗിക്കുന്നതിനേക്കാൾ വലിയ സന്ദേശമാണ് ചിത്രങ്ങളിലൂടെ നൽകുന്നത്. മയക്കുമരുന്ന് മാഫിയയ്ക്കെതിരായ ശക്തമായ മുന്നറിയിപ്പാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ ജനങ്ങൾ ഏറ്റുചൊല്ലി. നൂറിലേറെ ചിത്രകാരൻമാർ പങ്കെടുത്തു. ടി.ജെ. വിനോദ് എംഎൽഎ, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, ഡി സിപി അശ്വതി, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജോഷി ചാക്കോ, റോട്ടറി ക്ലബ് ഓഫ് കളമശേരി പ്രസിഡന്റ് പോൾ സ്റ്റീഫൻ, പ്രഷ്യൻ ബ്ലൂ ആർട്ട് ഹബ് ഡയറക്ടർ ടി.ആർ.സുരേഷ്, കോ-ഓർഡിനേറ്റർ ശാലിനി മേനോൻ, കൗൺസിലർ പി.എ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Colors