പ്രതീകാത്മക ചിത്രം
ആലപ്പുഴ: വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് എഴുപതുരൂപക്കടുത്തു വർധിപ്പിച്ച എണ്ണക്കമ്പനികളുടെയും കേന്ദ്ര സർക്കാരിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ സമരത്തിലേക്ക്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹോട്ടൽ, റെസ്റ്ററന്റ് വ്യാപാരികൾക്ക് വലിയ തിരിച്ചടിയാണ് അടിക്കടിയുണ്ടാകുന്ന ഇത്തരം ഗ്യാസ് വില വർദ്ധനവെന്ന് യോഗം വിലയിരുത്തി. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് നടുവിൽ നിൽക്കുമ്പോൾ, ഈ അന്യായമായ വർദ്ധനവ് സാധാരണക്കാരായ ഹോട്ടലുടമകളെയും വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വർദ്ധിപ്പിച്ച ഗ്യാസ് വില ഉടൻ പിൻവലിക്കാൻ അധികൃതർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരമുഖങ്ങളുമായി മുന്നോട്ട് പോകാനാണ് അസോസിയേഷന്റെ തീരുമാനം.
ആലപ്പുഴ മുനിസിപ്പൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് നാസർ ബി. താജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുവിസൂര്യ അധ്യക്ഷത വഹിച്ചു. നസീർ താസ, കോയ,രാജേഷ് ഉടുപ്പി, ഇസ്മായിൽ, നൂർ സേട്ട് ഹസൻസ്, അഫ്സൽ ക്ലാസിക്, ആർ. നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Commercial Gas Price Hike Hotels to Protest