അരുവിത്തുറ: സീറോമലബാര്‍ സഭ സമുദായ ശക്തീകരണ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി പാലാ രൂപതയില്‍ ആറു സോണുകളില്‍ സമുദായ ശക്തീകരണ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും. അരുവിത്തുറ, തുടങ്ങനാട്, രാമപുരം, പാലാ കത്തീഡ്രല്‍, കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ കേന്ദ്രങ്ങളിലാണ് സംഗമങ്ങള്‍ നടത്തുന്നത്.
ആദ്യ സമ്മേളനം എട്ടിന് അരുവിത്തുറയില്‍ നടക്കും. അരുവിത്തുറ ഇടവകാംഗങ്ങളും പൂഞ്ഞാര്‍, തീക്കോയി, കുട്ടിക്കല്‍ ഫൊറോനകളിലെ പള്ളികളില്‍നിന്നുള്ള വിശ്വാസിസമൂഹവും സമ്മേളനത്തില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നാലിനാണ് സമ്മേളനം ആരംഭിക്കുക. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾമാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫൊറോന വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ജോസ് തോമസ് മുത്തനാട്ട്, സിമി പരവരാകത്ത്, ഫാ. സിറില്‍ തയ്യില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഫാ. ബിജു കുന്നക്കാട്ട്, ഫാ. ഗോഡ്സണ്‍ ചെങ്ങഴശേരില്‍, ഫാ. ജോയല്‍ കുഴിവേലിത്തടത്തില്‍, കൈക്കാരന്മാരായ റോബിന്, കുര്യന്, റോയി, ജയ്സണ്‍ തുടങ്ങിയവര്‍ നേതൃത്വം വഹിക്കും.
സമ്മേളനത്തിന്റെ ലക്ഷ്യം
സമുദായത്തിന്റെ ചരിത്രവും വ്യക്തിത്വവും അറിയുക, സമുദായസ്നേഹം വളര്‍ത്തുക, സമുദായം നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയുക, സ്വയം വളരുകയും മറ്റുള്ളവരെ വളര്‍ത്തുകയും ചെയ്യുക, ഇതര സമുദായങ്ങളുമായി സൗഹൃദപരവും ആരോഗ്യപരവുമായ ബന്ധം പുലര്‍ത്തുക തുടങ്ങിയവയാണ് സമുദായ ശക്തീകരണ സമ്മേളനത്തിന്റെ ലക്ഷ്യം.
പാര്‍ക്കിംഗ് ക്രമീകരണം
സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങളുടെ പാര്‍ക്കിംഗ് ക്രമീകരിച്ചിട്ടുണ്ട്. അരുവിത്തുറ അര്‍ക്കേഡിലും ഹൈസ്കൂള്‍ ഗ്രൗണ്ടിലും കൂട്ടിക്കല്‍ ഫൊറോനയില്‍ നിന്നുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. സ്റ്റേഡിയത്തില്‍ തീക്കോയി, പൂഞ്ഞാര്‍ അരുവിത്തുറ ഫൊറോനയില്നിന്നുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. പള്ളിയുടെ പാര്‍ക്കിംഗ് ഏരിയായില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന വൈദികരുടെ വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
Tags : Community Empowerment nattuvishesham local news