സോക്ക്പിറ്റിനു സമീപത്തായി കുഴിച്ചിരിക്കുന്ന അഴുക്കുചാൽ.
ചിറ്റൂർ: ഗവൺമെന്റ് കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നുമുള്ള മലിനജലം ചിറ്റൂർ പുഴയിലേക്ക് ഒഴുക്കുന്നതായി ആരോപണം.
കഴിഞ്ഞ ആറുമാസങ്ങളായി ഹോസ്റ്റലിൽ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ഹോസ്റ്റലിനു മുന്നിലുള്ള മലിനജലം നിറയുന്ന സോക്ക് പിറ്റിനു സമീപത്തായാണ് അഴുക്കുചാൽ എടുത്തിട്ടുള്ളത്.
എന്നാൽ നിലവിൽ ഈ ചാനലിലൂടെ മലിനജലം പുഴയിലേക്ക് ഒഴുകി പോകുന്നതായി നാട്ടുകാർ പറയുന്നു.
ഇതിന്റെ 200 മീറ്റർ മാറിയാണ് ചിറ്റൂർ- തത്തമംഗലം നഗരസഭയിലേക്കും സമീപപഞ്ചായത്തുകളിലേക്കുമുള്ള ശുദ്ധജല വിതരണ പദ്ധതിയുള്ളത്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇവിടെനിന്നുമുള്ള വെള്ളം കുടിക്കാൻ ഉപയോഗിക്കുന്നത്.
പകർച്ചവ്യാധികൾ പിടിപെടുന്ന സാഹചര്യത്തിൽ ഇത്തരമൊരു പ്രവൃത്തി കാരണം പ്രദേശവാസികളും ആശങ്കയിലാണ്. ഹോസ്റ്റലിൽ മലിനജലം കെട്ടിനിൽക്കുന്നതായി വിദ്യാർഥികൾ പരാതി നൽകിയതോടെയാണ് പൊതുമരാമത്ത് കെട്ടിടവിഭാഗം അധികൃതരുടെ നേതൃത്വത്തിൽ സോക്ക്പിറ്റിനു സമീപം ചാലുകീറുന്നത്.
പുഴയിലേക്ക് ഒഴുക്കണമെന്ന ഉദ്ദേശത്തോടെയല്ല ചാലുകീറിയതെന്നു പൊതുമരാമത്ത് കെട്ടിട വിഭാഗം അധികൃതർ അറിയിച്ചു.
കോളേജിൽ നിന്നുമെത്തുന്ന മലിനജലം സോക്ക്പിറ്റിലൂടെ മണ്ണിലേക്ക് ഇറങ്ങിപ്പോകാതെ കെട്ടിനിൽക്കുന്ന സാഹചര്യമുണ്ടായതിനാൽ താത്കാലികമായി ചെയ്തതാണെന്നും ഉടൻ ഇതുമൂടുമെന്നും അസിസ്റ്റന്റ് എൻജിനീയർ കെ.എസ്. ശിവരഞ്ജിനി പറഞ്ഞു.