പാറപൊട്ടിച്ചതിനാൽ വീടിനുണ്ടായ വിള്ളൽ.
മേപ്പയ്യൂർ: വീടിനു സമീപമുള്ള പാറ സ്വകാര്യ വ്യക്തി സ്ഫോടകവസ്തു ഉപയോഗിച്ചു പൊട്ടിച്ചത് മൂലം വീടിന് കേട് പാടുകളും വിള്ളലും സംഭവിച്ചതായി പരാതി.
വിളയാട്ടൂർ കണ്ണമ്പത്ത് കണ്ടി രാജൻ ഭാര്യ പുഷ്പ എന്നിവർ താമസിക്കുന്ന വീടിനാണ് കേടുപാട് സംഭവിച്ചത്. പൊട്ടിച്ച പാറയും വീടു നിൽക്കുന്ന സ്ഥലവും ഒരേ പാറയിലാണ് സ്ഥിതി ചെയ്യുന്നത്.
വീട്ടുടമസ്ഥർ സ്ഥലത്തില്ലാത്ത സമയത്താണ് പാറ പൊട്ടിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. ഇതു സംബന്ധിച്ച് കുടുംബം മേപ്പയ്യൂർ പോലീസിൽ പരാതി നൽകിയിട്ടും പോലീസ് വേണ്ട രീതിയിൽ അന്വേഷണത്തിന് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. മേപ്പയ്യൂർ പോലീസ് അന്വേഷണത്തിന് തയാറാവത്തതിനാൽ വടകര റൂറൽ എസ്പി, പേരാമ്പ്ര ഡിവൈഎസ്പി, റവന്യൂ, കൊഴുക്കല്ലൂർ വില്ലേജ് അധികൃതർ, ജിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
വിള്ളൽ സംഭവിച്ച വീടും പരിസരവും മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾ സന്ദർശിച്ചു.
വീട്ടുടമസ്ഥർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ, വൈസ് പ്രസിഡന്റുമാരായ കീഴ്പോട്ട് അമ്മത്, ടി.എം. അബ്ദുള്ള, സെക്രട്ടറി മുജീബ് കോമത്ത് എന്നിവരാണ് വീട് സന്ദർശിച്ചത്.
Tags : Nattuvishesham Districtnews Complaint