തൊടുപുഴ: മലയോര മേഖലയ്ക്ക് പ്രതീക്ഷ പകര്‍ന്ന് ഉടുമ്പന്നൂര്‍-കൈതപ്പാറ-മണിയാറന്‍കുടി റോഡിന്റെ കോണ്‍ക്രീറ്റിംഗ് ജോലി ആരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോണ്‍ക്രീറ്റിംഗ് ജോലികള്‍ക്കു തുടക്കമായത്. വേളൂര്‍ ചപ്പാത്തിലൂടെ ടോറസ് ലോറികള്‍ക്ക് സഞ്ചരിക്കാനാകാത്തതിനാല്‍ ചെറുവാഹനങ്ങളിലാണ് കോണ്‍ക്രീറ്റ് മിക്സ് കൊണ്ടുപോകുന്നത്. അതിനാല്‍ ചെറിയ ദൂരം മാത്രമാണ് കോണ്‍ക്രീറ്റിംഗ് നടത്താനാകുന്നത്. 3.75 മീറ്റര്‍ വീതിയില്‍ നടത്തിവരുന്ന കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാകുന്നതോടെ ഇതുവഴിയുള്ള യാത്ര എളുപ്പമാകും.
പിഎംജിഎസ്വൈ ഫേസ്-3 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത്. ഉടുമ്പന്നൂര്‍ മുതല്‍ കൈതപ്പാറ വരെയുള്ള 8.8 കിലോമീറ്ററിന് 7.80 കോടിയും കൈതപ്പാറ മുതല്‍ മണിയാറന്കുടിവരെയുള്ള 9.77 കിലോമീറ്റിന് 7.08 കോടിയുമാണ് നേരത്തേ അനുവദിച്ചിരുന്നത്. തൊടുപുഴ-ചെറുതോണി പട്ടണങ്ങളെ കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കാനാവുമെന്നതാണ് ഉടുമ്പന്നൂര്‍-കൈതപ്പാറ-മണിയാറന്‍കുടി റോഡിന്റെ സവിശേഷത. ഉടുമ്പന്നൂര്‍, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അവികസിത മേഖലകളുടെ വികസനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കാനും ഇതിലൂടെ കഴിയും. കുടിയേറ്റ ഗ്രാമമായ കൈതപ്പാറയിലെ ജനങ്ങള്‍ യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം പതിറ്റാണ്ടുകളായി കടുത്ത ദുരിതമാണ് അനുഭവിച്ചുവന്നിരുന്നത്. ഇതുമൂലം നിരവധി കുടുംബങ്ങള്‍ ഇവിടെനിന്നു സ്ഥലം വിറ്റ് മറ്റിടങ്ങളിലേക്ക് പോകാൻ നിര്‍ബന്ധിതരായി.
വനംവകുപ്പിന്റെ സ്വയം സന്നദ്ധപുനരധിവാസ പദ്ധതിയില്‍ കൈതപ്പാറ, മനയത്തടം പ്രദേശങ്ങളില്‍നിന്ന് 25 കുടുംബങ്ങളാണ് ഭൂമി വനംവകുപ്പിനു വിട്ടുനല്‍കി കുടിയൊഴിഞ്ഞത്. റോഡ് വികസനത്തിന്റെ ഭാഗമായി വേളൂരിലെ ചപ്പാത്ത് പൊളിച്ചുനീക്കി പുതിയ പാലവും നിര്‍മിക്കേണ്ടത് അനിവാര്യമാണ്. നിലവിലുള്ള ചപ്പാത്ത് മഴക്കാലത്ത് വെള്ളംകയറി മുങ്ങുന്ന സ്ഥിതിയാണ്. ഇതു കൈതപ്പാറ, മനയത്തടം പ്രദേശങ്ങളിലുള്ളവര്‍ക്ക് കടുത്ത യാത്രാദുരിതമാണ് സൃഷ്ടിക്കുന്നത്. മറുകരയിലെത്താന്‍ ചപ്പാത്തിലെ വെള്ളം ഇറങ്ങുന്നതും കാത്ത് ദിവസങ്ങളോളം കഴിയേണ്ട സ്ഥിതിയായിരുന്നു.
നിലവിലുള്ള ഉടുമ്പന്നൂര്‍-ഉപ്പുകുന്ന്-പാറമട -ഇടുക്കി റോഡിനേക്കാള്‍ കുറഞ്ഞ ദൂരമാണ് കൈതപ്പാറ-മണിയാറന്‍കുടി റോഡിനുള്ളത്. 2018ലെ മഹാപ്രളയത്തില്‍ ഇടുക്കിയില്‍ വ്യാപക മണ്ണിടിച്ചിലുണ്ടായി. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലൂടെയുള്ള യാത്രയ്ക്ക് തടസം നേരിട്ടപ്പോള്‍ ഇടുക്കിയില്‍നിന്നു തൊടുപുഴയിലെത്താന്‍ മണിയാറന്‍കുടി, കൈതപ്പാറ, ഉടുമ്പന്നൂര്‍ റോഡായിരുന്നു ആശ്രയം.
Tags : Nattuvishesham Districtnews Deepikanews Maniyarankudi Road Begins