മുളിയാര്‍ മഞ്ചക്കല്ലില്‍ കാട്ടുപോത്ത് വന്നിടിച്ചതിനെ തുടര്‍ന്ന് മറിഞ്ഞുകിടക്കുന്ന സ്കൂട്ടര്‍.
ബോവിക്കാനം(കാസര്‍ഗോഡ്): കാട്ടുപോത്ത് സ്കൂട്ടറില്‍ വന്നിടിച്ച് നഴ്സിംഗ് വിദ്യാര്‍ഥിനിക്കും ഒപ്പമുണ്ടായിരുന്ന യുവാവിനും ഗുരുതരമായി പരിക്കേറ്റു. മംഗളൂരു യൂണിറ്റി നഴ്സിംഗ് കോളജിലെ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥിനി കരിവേടകം തങ്കേടത്തടുക്കത്തെ സി.എം. ജിതിന (20), ഒപ്പമുണ്ടായിരുന്ന ആലത്തുംകടവിലെ പി.അമല്‍രാജ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജിതിനയെ മംഗളൂരു ഫസ്റ്റ് ന്യൂറോ ആശുപത്രിയിലും അമല്‍രാജിനെ ചെര്‍ക്കളയിലെ സിഎം ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 5.30ഓടെ മുളിയാര്‍ മഞ്ചക്കല്ലിലാണ് അപകടം.
ഞായറാഴ്ച അവധിക്ക് നാട്ടിലെത്തിയിരുന്ന ജിതിനയെ തിരികെ കോളജിലേക്ക് ട്രെയിന്‍ കയറ്റിവിടുന്നതിനായി കാസര്‍ഗോട്ടേക്ക് പോവുകയായിരുന്നു ഇരുവരും. മുളിയാര്‍ സംരക്ഷിതവനമേഖലയ്ക്കു സമീപത്തുള്ള മഞ്ചക്കല്ലില്വച്ച് പെട്ടെന്നു റോഡിനു കുറുകെ ചാടിവന്ന കാട്ടുപോത്ത് സ്കൂട്ടറില്‍ വന്നിടിക്കുകയായിരുന്നു.
സ്കൂട്ടര്‍ ഓടിച്ചിരുന്ന അമല്‍രാജ് റോഡിലേക്കും പിന്നിരുന്ന ജിതിന അല്പം ദൂരേക്കും തെറിച്ചുവീണു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. വീഴ്ചയില്‍ നെഞ്ചിനു പരിക്കേറ്റ ജിതിനയെ കാസര്‍ഗോട്ടെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷമാണ് മംഗളൂരുവിലേക്കു മാറ്റിയത്.
Tags : Nattuvishesham DistrictNews