അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന്റെ അധ്യക്ഷതയിൽ ചേർന്ന പാനൽ ഷൂട്ടർമാരുടെ യോഗം.
ഇരിട്ടി: ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായതോടെ നിയന്ത്രണ നടപടികൾ ശക്തമാക്കി അയ്യൻകുന്ന് പഞ്ചായത്ത്. കാർഷികവിളകൾക്കും മനുഷ്യർക്കും ഭീഷണിയായി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനായി വനംവകുപ്പ് അംഗീകരിച്ച പാനൽ ഷൂട്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തി വിപുലമായ തോതിൽ നടപടികൾ ആരംഭിക്കാനാണ് തീരുമാനം.
പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ 13 ഷൂട്ടർമാർ പങ്കെടുത്തു. കാട്ടുപന്നികൾ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതിനു പുറമെ രാത്രികാലങ്ങളിൽ ജനവാസകേന്ദ്രങ്ങളിലും റോഡുകളിലും എത്തുന്നതും കാരണം ജനങ്ങൾക്കും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. ഇതുസംബന്ധിച്ച് വിവിധ പ്രദേശങ്ങളിൽനിന്ന് പരാതികൾ വർധിച്ചതോടെയാണ് നടപടികൾ ശക്തമാക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. വനംവകുപ്പ് നിശ്ചയിച്ച നടപടിക്രമങ്ങൾ പാലിച്ചുമാത്രമേ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാവൂ പഞ്ചായത്ത് യോഗത്തിന് അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ നിർദേശം നൽകി. കൊല്ലുന്ന പന്നികളുടെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നിയമാനുസൃതമായി സംസ്കരിക്കണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കൃഷിയും കർഷകരുടെ ഉപജീവനവും സംരക്ഷിക്കുന്നതിനാണ് നടപടികളെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. പഞ്ചായത്തിന്റെ അതിർത്തികളിൽ വന്യമൃഗങ്ങൾ കടന്നുവരാതിരിക്കാൻ സോളാർ വേലി സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മേരി റെജി, ജോസുകുഞ്ഞ് തടത്തിൽ, മേഴ്സി മരിയ, അംഗങ്ങളായ ടോമി സൈമൺ, ഷിബോ അഗസ്റ്റിൻ, അനീഷ് കെ. പോൾ, ഷിൻ ജോസഫ്, ബിജു ജോസഫ്, ബിന്ദു ഷാജി, റീന ബോബി, ഷമീന ബാബു, എം. രാജേഷ്, ലൈലാമ്മ മാത്യു, അനുപമ, പഞ്ചായത്ത് സെക്രട്ടറി വി. അശ്വിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സുനിൽ എന്നിവർ പങ്കെടുത്തു.
കാട്ടുപന്നികളെ തുരത്തുന്ന നടപടികൾ
വേഗത്തിലാക്കും: മിനി വിശ്വനാഥൻ
വനാതിർത്തി പങ്കിടുന്ന അയ്യൻകുന്ന് പഞ്ചായത്തിൽ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ നടപടികൾ ശക്തമാക്കുമെന്നും കൃഷിയിടങ്ങളിൽ തന്പടിച്ച കാട്ടുപന്നികളെ തുരത്തൽ വേഗത്തിലാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൃഷിയിടങ്ങളിൽനിന്ന് തുരത്തുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. ജനങ്ങൾക്കും കാർഷിക മേഖലയ്ക്കും ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളെ പാനൽ ഷൂട്ടർമാരുടെ സഹായത്തോടെ വെടിവച്ചു കൊല്ലാനുള്ള നടപടികൾ പഞ്ചായത്ത് നടപ്പാക്കും.
Tags : Nattuvishesham DistrictNews