കണ്ണൂർ സ്പിരിറ്റഡ് യൂത്ത്സിന്റെയും ലക്കി സ്റ്റാറിന്റെയും ആദ്യകാല താരങ്ങൾ. ഫയൽചിത്രം
കണ്ണൂർ: ചിറക്കൽ കോരൻ ഗുരുക്കൾ മെമ്മോറിയൽ സെവൻസായിരുന്നു കണ്ണൂരിലെ ആദ്യകാലത്തെ പ്രധാന ഫുട്ബോൾ ടൂർണമെന്റ്. ചിറക്കൽ രാജാസ് ഹൈസ്കൂളിന് സമീപത്തെ മൈതാനത്തായിരുന്നു കളി. മുൻ മുനിസിപ്പൽ ചെയർമാൻ കെ. ചന്തന്റെ പേരിലുള്ള ചന്തൻ മെമ്മോറിയൽ ടൂർണമെന്റായിരുന്നു ആദ്യത്തെ ഓൾ ഇന്ത്യ അഫിലിയേഷൻ ഫുട്ബോൾ ചാന്പ്യൻഷിപ്പ്. ചേനോളി കണ്ണൻ പ്രസിഡന്റും സി.എസ്. അച്യുതൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നത്.
കണ്ണൂരുകാർക്ക് അന്തർദേശീയ താരങ്ങളുടെ കളികാണാൻ ലഭിച്ച ആദ്യ അവസരമായി ചന്തൻ സ്മാരക ടൂർണമെന്റ് മാറി. ആരാലും അറിയപ്പെടാതിരുന്ന കണ്ണൂരിലെ കളിക്കാർ രാജ്യത്തെ മുൻനിര താരങ്ങളോട് ഇഞ്ചോടിഞ്ച് പൊരുതിയത് എതിരാളികളെ പോലും വിസ്മയിപ്പിച്ചു. അന്ന് കസേരയ്ക്ക് ഒരു രൂപയും ഗാലറിക്ക് നാലണയുമായിരുന്ന ടിക്കറ്റ് നിരക്ക്. ടൂർണമെന്റ് രണ്ടുമൂന്നു വർഷം തുടർച്ചയായി നടത്തിയെങ്കിലും സാന്പത്തിക പരാധീനത വലച്ചതോടെ നിർത്തിവച്ചു.
1955ലാണ് പ്രശസ്തമായ ശ്രീനാരായണ ഫുട്ബോൾ ചാന്പ്യൻഷിപ്പ് ആരംഭിച്ചത്. വർഷങ്ങളോളം കണ്ണൂരിന്റെ മേൽവിലാസമായിരുന്നു ടൂർണമെന്റ്. പക്ഷേ, 15,000 രൂപ മുടക്കി നിർമിച്ച ആ വെള്ളിക്കപ്പ് പോലും ഇപ്പോൾ എവിടെയെന്ന് ആർക്കുമറിയില്ല. 1981ൽ വൻ നഷ്ടം സംഭവിച്ചതിനാൽ ടൂർണമെന്റ് മുടങ്ങി. പിന്നീട് ഏഴു വർഷം കഴിഞ്ഞാണ് പുനരാരംഭിച്ചത്. പക്ഷേ, തുടരാനായില്ല. വിജയികൾക്ക് 150 പവന്റെ സ്വർണക്കപ്പുമായി കൊട്ടിഘോഷിച്ച് തുടങ്ങിയ നായനാർ സ്വർണക്കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഏറെ പ്രതീക്ഷ പകർന്നെങ്കിലും അകാലത്തിൽ അവസാനിച്ചു.
ഹോക്കിയിൽനിന്ന് ഫുട്ബോളിലേക്ക്
1930 കളിലാണ് കണ്ണൂരിൽ ഫുട്ബോൾ സജീവമാകുന്നത്. അതുവരെ ഹോക്കിയായിരുന്നു പ്രിയപ്പെട്ട കളി. ഹോക്കിയിലും ഫുട്ബോളിലും ഒരുപോലെ തിളങ്ങിയവരായിരുന്നു കണ്ണൂരിലെ ആദ്യകാല കളിക്കാർ. ക്ലബുകൾ സജീവമാകുന്നതിന് മുന്പേ കണ്ണൂരിൽ പ്രഗത്ഭരായ ഫുട്ബോൾ കളിക്കാർ ഉണ്ടായിരുന്നു. ഗൂർഖാസ് കിട്ടൻ, കുറുക്കൻ രാഘവൻ, കുരുടൻ വിജയൻ, ഡാനിയൽ റൈട്ടർ, അലി അക്ബർ തുടങ്ങിയവരാണ് എടുത്തുപറയേണ്ടവർ.
ബ്രിട്ടീഷുകാരുടെ സ്വാധീനവും പട്ടാള ടീമുകളുമാണ് കണ്ണൂരിൽ കായികാന്തരീക്ഷമൊരുക്കിയത്. കടൽപോലെ വിശാലമായ മൈതാനങ്ങൾ അതിന് വളമേകി. അക്കാലത്ത് കളക്ടറേറ്റ് മുതൽ ഇന്നത്തെ ടെലിഫോൺ ഭവൻവരെ വിശാലമായ മൈതാനമായിരുന്നു. പിന്നെ കോട്ട മൈതാനവും. നാട്ടുകാരും പട്ടാളക്കാരും തമ്മിൽ കളിക്കളത്തിൽ "ഏറ്റുമുട്ടൽ' പതിവായിരുന്നു. ബൂട്ടുകെട്ടിയ പട്ടാളപ്പടയ്ക്ക് പലപ്പോഴും നഗ്നപാദരായ നാട്ടുകാരുടെ ടീമുകൾക്ക് മുന്നിൽ അടിതെറ്റി.
ഇംഗ്ലീഷുകാരുടെ കേന്ദ്രമായ ബർണശേരിയിലാണ് ആദ്യ ഫുട്ബോൾ ക്ലബ് പിറക്കുന്നത്. ബ്രീട്ടിഷുകാർ സ്ഥാപിച്ച സ്പോർട്സ് ക്ലബ്. അതിനുപിന്നാലെ കാനത്തൂർ കാവിനടുത്ത് യംഗ്മെൻസ് ക്ലബ് രൂപീകരിച്ചു. ഈ ക്ലബുകൾ തമ്മിലുള്ള ഫുട്ബോൾ, ഹോക്കി മത്സരങ്ങൾ കാണികൾക്ക് ഹരമായിരുന്നു. പിന്നീട് തളാപ്പ് കേന്ദ്രീകരിച്ച് യംഗ്ചലഞ്ചേഴ്സ് ക്ലബ് പിറന്നു. ഇതോടനുബന്ധിച്ച് കുട്ടികൾക്കായി തളാപ്പ് ബ്ലൂസ് ക്ലബുമുണ്ടായി. 1935ലായിരുന്നു ഇതിന്റെ തുടക്കം. എൻ.ടി. കരുണാകരൻ, ഡോ.പി.മാധവൻ, മുൻ എംഎൽഎ പി. ഭാസ്കരൻ, സി.പി. ചന്ദ്രൻ, സംഗീത സംവിധായകൻ എ.ടി. ഉമ്മർ തുടങ്ങിയവരായിരുന്നു ബ്ലൂസിലെ കളിക്കാർ. നിലവിലുള്ള പഴക്കമുള്ള ക്ലബ് ലക്കിസ്റ്റാറാണ്. 1938ൽ ഓലച്ചേരി അന്പുവിന്റെ നേതൃത്വത്തിലാണ് ക്ലബിന്റെ രൂപീകരണം. പ്രമുഖ ട്രേഡ് യൂണിയൻ നേതാവും എംപിയും എംഎൽഎയുമായിരുന്ന ഒ. ഭരതൻ ലക്കിയുടെ ഗോൾകീപ്പറായിരുന്നു. യംഗ്ചലഞ്ചേഴ്സ് ക്ലബിലെ ഭാരവാഹികളും കളിക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഒരു വിഭാഗം ഡോ.പി. മാധവൻ, എൻ.ടി. കരുണാകരൻ, സി.പി. ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1941ൽ സ്പിരിറ്റഡ് യൂത്ത്സ് ക്ലബ് സ്ഥാപിച്ചു. അതേവർഷം മറ്റൊരു വിഭാഗം ചട്ട വാസുവിന്റെ നേതൃത്വത്തിൽ ബ്രദേഴ്സ് ക്ലബ് തുടങ്ങി. വിളക്കുംതറ മൈതാനത്ത് കളിച്ചിരുന്ന സി ബ്രദേഴ്സ് ക്ലബാണ് പിന്നീട് സിറ്റി ബ്രദേഴ്സും തുടർന്ന് ബ്രദേഴ്സ് ക്ലബുമായത്. പയ്യാന്പലത്ത് കളിച്ചിരുന്ന സി സൈഡ് ഫുട്ബോൾ ക്ലബ് 1953ൽ ജിംഖാന ക്ലബായി. കെ.വി.ലക്ഷ്മണനായിരുന്നു സ്ഥാപകൻ.
സ്കൂളുകളും രംഗത്ത്
ഫുട്ബോൾ പ്രോത്സാഹിപ്പിക്കാൻ സ്കൂളുകളും മുന്നിട്ടിറങ്ങി. കണ്ണൂർ മുനിസിപ്പൽ സ്കൂൾ, ചിറക്കൽ രാജാസ് സ്കൂൾ, സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ മികച്ച ടീമുകളുണ്ടായിരുന്നു. തലശേരി അപ്പു നെടുങ്ങാടി സ്മാരക സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് കണ്ണൂർ മുനിസിപ്പൽ സ്കൂളിന്റെ കുത്തകയായിരുന്നു. കായികാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പഴയ തറവാടുകളും പ്രമുഖ പങ്കുവഹിച്ചു. ഓലച്ചേരി, കാതിരി കണക്കപ്പിള്ളന്റകത്ത് ( സീയന്റകത്ത്), കോടിച്ചി, പനക്കാട്ട്, മഠത്തിൽ, മുൻ മുനിസിപ്പൽ ചെയർമാൻ ചന്തൻ ചെയർമാന്റെ കുടുംബം തുടങ്ങിയവ കായിക തറവാടുകളായിരുന്നു.
മറ്റു നാടുകളിൽനിന്നെത്തുന്ന കളിക്കാർ അസൂയയോടെയാണ് കണ്ണൂരിലെ മൈതാനസന്പത്ത് നോക്കിക്കണ്ടിരുന്നത്. കളക്ടറേറ്റ് മൈതാനത്ത് സ്പിരിറ്റഡ് യൂത്ത്സും ഇപ്പോൾ ജവഹർ സ്റ്റേഡിയമുള്ള സ്ഥലത്ത് ലക്കിസ്റ്റാറും കോട്ട മൈതാനത്ത് ബ്രദേഴ്സ് ക്ലബും കളിയോളങ്ങൾ സൃഷ്ടിച്ചു. നായനാർ അക്കാഡമിക്ക് സമീപം അക്കേഷ്യ കാട് നിൽക്കുന്ന സ്ഥലം ജിംഖാനയുടെ കളിയരങ്ങായിരുന്നു. മൈതാനങ്ങൾ നഷ്ടപ്പെട്ടതോടെയാണ് കണ്ണൂർ ഫുട്ബോളിന്റെ പ്രതാപം ഇല്ലാതായത്.
Tags : Nattuvishesham DistrictNews