മടിക്കൈ എരിക്കുളത്തെ വരണ്ടുണങ്ങിയ പാടത്ത് കതിരിട്ട നെല്‍ച്ചെടികളെ പരിശോധിക്കുന്ന കര്‍ഷകര്‍.
കാഞ്ഞങ്ങാട്: കാലവര്‍ഷം കഴിഞ്ഞ് ഒന്നാംവിള കൊയ്ത്തിനൊരുങ്ങേണ്ട നെല്‍വയലുകളില്‍ മഴക്കുറവ് കടുത്ത പ്രതിസന്ധിയാകുന്നു. ഇത്തവണ ഞാറു പറിച്ചുനടുന്ന കാലംതൊട്ടുതന്നെ മഴ അകന്നുനില്‍ക്കുകയായിരുന്നു. പറിച്ചുനട്ട ഞാറുകള്‍ വാടിപ്പോകാതിരിക്കാന്‍ പലയിടത്തും പൈപ്പുവെള്ളത്തെ ആശ്രയിക്കേണ്ടിവന്നു. ഇപ്പോള്‍ നെല്‍ച്ചെടികള്‍ കതിരിടുന്ന കാലത്തും ആവശ്യത്തിന് മഴ കിട്ടിയിട്ടില്ല.
ജില്ലയില്‍ ഇപ്പോഴും ഏറ്റവുമധികം നെല്‍കൃഷി ചെയ്യുന്ന ഇടങ്ങളിലൊന്നായ മടിക്കൈ എരിക്കുളം പാടശേഖരത്തിന്റെ പല ഭാഗങ്ങളിലും നെല്‍ച്ചെടികള്‍ പൊരിവെയിലില്‍ വാടിത്തളര്ന്നുനില്ക്കുകയാണ്. 35 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ ഇത്തവണ ആദ്യമഴയില്‍തന്നെ ഞാറുകള്‍ പറിച്ചുനട്ടെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ തീര്‍ത്തും മാറിനിന്നത് കടുത്ത ആശങ്കയായിരുന്നു. വിണ്ടുകീറാന്‍ തുടങ്ങിയ വയലുകള്‍ പൈപ്പുവെള്ളം ഉപയോഗിച്ച് നനയ്ക്കേണ്ടിവന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ സാമാന്യം ശക്തമായിത്തന്നെ മഴ വന്ന് പാടങ്ങള്‍ നിറഞ്ഞു. ഇനി വലിയ പ്രശ്നമുണ്ടാവില്ലെന്ന ആശ്വാസത്തിനിടയിലാണ് ഓണം കഴിഞ്ഞതിനു പിന്നാലെ മഴ തീര്‍ത്തും മാറിയത്. കതിരിട്ടുതുടങ്ങിയ നെല്‍ച്ചെടികളാണ് ഇപ്പോള്‍ തീവെയിലില് വാടിത്തളര്‍ന്ന നിലയിലായത്. നിലവും വിണ്ടുകീറിത്തുടങ്ങി. ഇനി പൈപ്പുവെള്ളം ഉപയോഗിച്ചു നനച്ചാലും വിളഞ്ഞതില്‍ പാതിയും പതിരാകുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്.
തീരദേശത്ത് പള്ളിക്കര, ഉദുമ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലും ഏതാണ്ട് ഇതേ സ്ഥിതിയാണ്. വയലുകളില്‍ ആവശ്യത്തിന് വെള്ളം കെട്ടിക്കിടന്നാല്‍ മാത്രമേ പോഷകങ്ങള്‍ നെല്‍ച്ചെടികളിലേക്ക് കൃത്യമായി എത്തുകയുള്ളൂ. ദിവസത്തില്‍ പലതവണ പൈപ്പുവെള്ളം കൊണ്ട് നനച്ചാലും അത് സാധ്യമാകാത്ത നിലയാണെന്ന് കര്‍ഷകര്‍ പറയുന്നു. മീനമാസത്തെ വെല്ലുന്ന വെയില്‍ച്ചൂടില്‍ പാടവും നെല്‍ച്ചെടികളും വരണ്ടുണങ്ങുകയാണ്. കാലവര്‍ഷം കൃത്യമായി ലഭിച്ചിരുന്നെങ്കില്‍ ഇതിനകം വയലുകള്‍ കൊയ്തുതീരുമായിരുന്നെന്ന് അവര്‍ പറയുന്നു. മിക്ക പാടങ്ങളിലും ഇപ്പോഴും നെല്‍ച്ചെടികള്‍ ഒരുവിധം വളര്‍ന്ന് കതിരിട്ടുതുടങ്ങിയതേയുള്ളൂ. ഇതിലേറെയും പതിരാകുമെന്ന ആശങ്ക ഇവിടെയുമുണ്ട്. മഴയെ പ്രതീക്ഷിച്ച് കരനെല്‍കൃഷി നടത്തിയവര്‍ക്ക് ഇത്തവണ വിളവുകിട്ടുമെന്ന പ്രതീക്ഷതന്നെ ഇല്ലാതായ നിലയാണ്.
Tags : Nattuvishesham DistrictNews