nattu vishesham
കാഞ്ഞിരപ്പള്ളി: ജീവനുണ്ടാകാനും അതു സമൃദ്ധമായുണ്ടാകാനും എന്നത് ശുശ്രൂഷാവാക്യമാക്കി 19 വര്‍ഷം കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് അനുപമ നേതൃത്വം നല്കിയ മാര്‍ മാത്യു അറയ്ക്കല്‍ മെത്രാഭേഷക രജതജൂബിലിയില്‍. ജൂബിലി ദിനമായ നാളെ രാവിലെ 6.30 ന് കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ മാർ മാത്യു അറയ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുൾപ്പെടുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ വളര്‍ച്ചയ്ക്കും നേട്ടങ്ങള്‍ക്കും നേതൃത്വം വഹിച്ച ശ്രേഷ്ഠ ഇടയന് ദൈവം ഒരുക്കിയ കരുതലിനും നേട്ടങ്ങള്‍ക്കും നന്ദി അര്‍പ്പിക്കുകയാണ്. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളിലായി 56 വര്‍ഷമായി പൗരോഹിത്യശുശ്രൂഷ അര്‍പ്പിച്ചുവരുന്ന പിതാവിന് 82-ാം വയസിന്റെ ധന്യതയിലാണ് മെത്രാഭിഷേക ജൂബിലി.
1971 മാര്‍ച്ച് 13ന് പൗരോഹിത്യം സ്വീകരിച്ച് 27-ാം വയസില്‍ അവിഭക്ത ചങ്ങനാശേരി അതിരൂപതയിലെ അമ്പൂരി ഇടവകയിലാണ് വൈദിക ശുശ്രൂഷയുടെ തുടക്കം. 1977 ല്‍ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ പീരുമേട്-മുറിഞ്ഞപുഴ പള്ളികളുടെ വികാരിയായി നിയമിതനായി.
1980 ല്‍ ഫാ. മാത്യു അറയ്ക്കലിനെ ചുമതലയേല്‍പ്പിച്ച് സ്ഥാപിതമായ പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി മലയോര വികസനത്തിലെ നാഴികക്കല്ലായിരുന്നു. ജൈവകൃഷി, യൂറോപ്യന്‍ ഏജന്‍സികളുടെ ജൈവസര്ട്ടിഫിക്കേഷന്, ജൈവവളം നിര്‍മാണം, കാര്‍ഷിക മൂല്യവര്‍ധന, വിദേശ വിപണനം, സുസ്ഥിരവികസനം തുടങ്ങി വൈവിധ്യമാര്‍ന്ന നേട്ടങ്ങളാണ് ഈ സ്ഥാപനം നേടിയെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓര്‍ഗാനിക് സ്പൈസസ് കയറ്റുമതി സ്ഥാപനമായി പിഡിഎസ് വളര്‍ന്നു.\
2001 ജനുവരി 19ന് ഫാ. മാത്യു അറയ്ക്കലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ തൃതീയ മെത്രാനായി ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ നിയമിച്ചു. ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ മാര്‍ മാത്യു അറയ്ക്കലിന്റെ സൗഹൃദ വലയം രൂപതയ്ക്കും സഭയ്ക്കും സമുദായത്തിനും എക്കാലവും കരുത്തുപകരുന്നു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരിക്കെ കേന്ദ്ര പ്ലാനിംഗ് കമ്മീഷന് അഡ്വൈസര്‍, കേരളത്തിലെ തുടര്‍വിദ്യാഭ്യാസഭരണസമിതി അംഗം, അക്കാഡമിക് കൗണ്‍സില്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ അംഗം, നാഷണല്‍ ബാങ്ക് ഓഫ് അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് അംഗം, കൗണ്‍സില്‍ ഫോര്‍ അഡ്വാന്‍സ്മെന്റ് ഓഫ് പീപ്പിള്‍സ് ആക്ഷന്‍ ആന്‍ഡ് റൂറല്‍ ടെക്നോളജി അംഗം, കേരള ഫാമിംഗ് കോര്പറേഷന് അംഗം, സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് അംഗം തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു.
കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെലവപ്മെന്റ് കമ്മീഷന് ചെയര്മാന്, ജീവന് ടെലികാസ്റ്റിംഗ് കോ-ഓപ്പറേഷന് ചെയര്മാന്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്മാന്, അല്മായ കമ്മീഷന് ചെയര്മാന്, ഇന്‍ഫാം ദേശീയ രക്ഷാധികാരി തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു.
വിദ്യാഭ്യാസമേഖലയില്‍ അറയ്ക്കല്‍ പിതാവിന്റെ ദര്‍ശനം രൂപതയ്ക്കും നാടിനും വലിയ നേട്ടമായി. കുട്ടിക്കാനം മരിയന്‍ കോളജ്, കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ്, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, പ്രശസ്തമായ സ്കൂളുകൾ എന്നിവയുടെ വളർച്ചയിൽ നിർണായകമായ പങ്കുവഹിച്ചു. അഗതിമന്ദിരങ്ങള്‍, വയോജന ഭവനങ്ങള്‍, മനോരോഗ ചികിത്സാലയങ്ങള്‍, ലഹരിവിമോചന കേന്ദ്രങ്ങള്‍, ശാരീരിക ന്യൂനതയുള്ളവരുടെ സംരക്ഷണകേന്ദ്രങ്ങള്‍ തുടങ്ങി എഴുപത് സ്ഥാപനങ്ങളിലൂടെ പിതാവ് അനേകർക്ക് കരുതലേകി.