അമ്പലപ്പുഴ: യുഡിഎഫ് സർക്കാർ അധികാരം ഏറ്റെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കോൺഗ്രസ് പ്രവർത്തകർ. വിവിധയിനം പായസവും ലഡുവും വിതരണം നടത്തി. വളഞ്ഞവഴിയിൽ അടക്കം പലയിടത്തും പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷമാക്കി.
അമ്പലപ്പുഴ വടക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളഞ്ഞവഴി എസ്എൻ കവലയിൽ നടന്ന മധുരവിതരണ ഉദ്ഘാടനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉണ്ണി കൊല്ലംപറമ്പ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സഫീർ പീടിയേക്കൽ, മണ്ഡലം ഭാരവാഹികളായ കണ്ണൻ ചക്കിനേഴം, പുരുഷൻ കഞ്ഞിപ്പാടം, മുംതാസ് അനസ്, എസ്.എൻ. പണിക്കർ എന്നിവർ നേതൃത്വം നൽകി.
മാന്നാർ: മുഖ്യമന്ത്രി വി.ഡി. സതീശൻ നയിക്കുന്ന കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കി മാന്നാർ യുഡിഎഫ് ടീം. പ്രതിജ്ഞ സമയത്ത് മാന്നാറിൽ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസം, മധുര പലഹാരങ്ങൾ എന്നിവ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ലാദ പ്രകടനം നടത്തിയുമാണ് സത്യപ്രതിജ്ഞാദിനം ആഘോഷമാക്കിയത്.
യുഡിഎഫ് ചെയർമാൻ ടി.കെ. ഷാജഹാന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കേരള കോൺഗ്രസ് നേതാവ് ചാക്കോ കയ്യത്ര ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ ഷാജി കുരട്ടിക്കാട് എ.കെ. മിർസാദ്, പ്രസന്നകുമാർ, വത്സലാ ബാലകൃഷ്ണൻ, മധു പുഴയോരം, അനിൽ മാന്തറ, ഹസിന സലാം, ഷൈനാ നവാസ്, രാധാമണി ശശീന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ചന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു. പരുമലയിലും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസം വിതരണം ചെയ്തു.
ചെങ്ങന്നൂർ: യുഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ആഹ്ലാദപ്രകടനവും പൊതുയോഗവും നടത്തി. കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. ഡി. നാഗേഷ് കുമാർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ജോർജ് തോമസ്, തോമസ് ചാക്കോ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം ഡോ. ഷിബു ഉമ്മൻ, ജോൺസ് മാത്യു, ഗണേഷ് പുലിയൂർ, കെ. ദേവദാസ്, നഗരസഭാ ചെയർമാൻ മനീഷ് കീഴാമഠത്തിൽ, പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് രതി സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ഹരിപ്പാട്: എൻജിഒ അസോസിയേഷൻ ഹരിപ്പാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനവും പായസവിതരണവും സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എസ്. ശരത് കുമാർ, സെക്രട്ടറി ഓമനക്കുട്ടൻ, ഗിരീഷ് കുമാർ, രശ്മി, കെ.കെ. ഹരീന്ദ്രനാഥ്, ഭാഗ്യതാര, കൊച്ചുമോൻ തുടങ്ങിയവർ നേതൃത്വം നൽകി.