അങ്ങാടിക്കടവ് ടൗണിൽ വൈദ്യുത പോസ്റ്റ് ഉള്ളിൽ നിർത്തി നിർമിക്കുന്ന ഓവുചാൽ.
ഇരിട്ടി: റീ ബിൽഡ് കേരള പദ്ധതിയിൽപെടുത്തി നിർമാണം നടക്കുന്ന എടൂർ - പാലത്തും കടവ് റോഡ്, അങ്ങാടിക്കടവ് ടൗണിൽ ഓവുചാൽ നിർമിച്ചത് വൈദ്യുതി പോസ്റ്റ് ഓവുചാലിനുള്ളിൽ നിർത്തി.
കാരണം അന്വേഷിക്കുമ്പോൾ കരാറുകാരും കെഎസ്ഇബി അധികൃതരും പരസ്പരം പഴിചാരുന്നതല്ലാതെ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. പോസ്റ്റ് മാറ്റാതെ ഓവുചാലിന്റെ കോൺക്രീറ്റ് പൂർത്തിയാക്കിയതോടെയാണ് പ്രതിഷേധമുയർന്നത്. ഓവുചാലിനുള്ളിൽ നിന്ന് പോസ്റ്റ് മാറ്റാതെ നിർമാണം പൂർത്തിയാക്കിയാൽ മഴക്കാലത്ത് ചപ്പുചവറുകൾ തങ്ങി ഓവുചാൽ നിറഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് ടൗണിലെ വ്യാപാരികൾ പറയുന്നത്.
മഴ ആരംഭിക്കുന്നതിന് മുൻപ് ഓവുചാലിന്റെ പ്രവൃത്തികൾ പൂർത്തിയാക്കിയതാണെന്നാണ് കരാറുകാർ പറയുന്നത്. രണ്ട് മാസത്തിനുള്ളിൽ കെഎസ്ഇബി അധികൃതർ ലൈൻ മാറ്റി സ്ഥാപിക്കും. അതുകൊണ്ടുതന്നെ ഓവുചാലിനുള്ളിൽ വൈദ്യുതി പോസ്റ്റ് നിൽക്കുന്ന അടി ഭാഗം കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കിയിട്ടില്ല. പോസ്റ്റ് മാറ്റുന്ന സമയത്ത് അടിഭാഗം കോൺക്രീറ്റ് ചെയ്ത് ഓവുചാലിന് മുകളിൽ സ്ളാബ് ഇട്ട് സുരക്ഷിതമാക്കുമെന്നാണ് കാരാറുകാരൻ പറയുന്നത്.