ഉപ്പുതറയിലെ പൂർത്തിയാകാത്ത ശ്മശാനം
ഉപ്പുതറ: കരാറുകാരന്റെ അനാസ്ഥ കാരണം രണ്ടു വർഷം മുൻപ് തുടങ്ങിയ ഉപ്പുതറ പഞ്ചായത്തിലെ പൊതുശ്മശാനത്തിന്റെ നിർമാണം ഇനിയും പൂർത്തിയായില്ല.
പൊതുശ്മശാനം ഇല്ലാത്തതിനാൽ എസ്റ്റേറ്റുവക ഭൂമിയിൽ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും സംഘർഷവും ഉണ്ടാകുകയും ചില പരാതികൾ ഹൈക്കോടതിയിൽ എത്തുകയും ചെയ്തു.
ഇത്തരം സാഹചര്യം ഒഴിവാക്കാൻ പൊതുജന ആവശ്യം മുൻനിർത്തി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ പൊതുശ്മശാനം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു.
2023ൽ കൃഷിഭവന് സമീപം 33,92,500 രൂപ ചെലവഴിച്ച് പഞ്ചായത്ത് 50 സെന്റ് ഭൂമി വിലയ്ക്കു വാങ്ങി. ഭൂമി നിരപ്പാക്കി, സംരക്ഷണഭിത്തി നിർമിക്കുന്നതിന് 25 ലക്ഷം രൂപയും അനുവദിച്ചു. ഇതിനുശേഷമാണ് കല്ലറയും മൃതദേഹം ദഹിപ്പിക്കുന്നതിന് ഉൾപ്പെടെ ശ്മശാനം പൂർത്തീകരിക്കുന്നതിന് 30 ലക്ഷം രൂപയും അനുവദിച്ചത്. എന്നാൽ, നാളുകളായി ശ്മശാനത്തിന്റെ നിർമാണം മുടങ്ങിയിരിക്കുകയാണ്. ശവദാഹത്തിനുള്ള കെട്ടിടവും കുറേ കല്ലറകളും നിർമിച്ചിട്ടുണ്ട്. കല്ലറകളിൽ മിക്കതിനും മൂടി പണിതിട്ടില്ല. കെട്ടിടത്തിനുള്ളിലെ പണികളും സംരക്ഷണഭിത്തിക്കു മുകളിൽ സുരക്ഷാവേലി ഉൾപ്പെടെയുള്ള നിർമാണവും തുടങ്ങിയിട്ടുപോലുമില്ല.
നിർമാണം പൂർത്തീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുൻ ടൗൺ വാർഡ് അംഗം ജയിംസ് തോക്കൊമ്പൻ ആവശ്യപ്പെട്ടു.
Tags : Nattuvishesham District news