തിരുവനന്തപുരം : കഴിഞ്ഞ ദിവസം കോർപറേഷൻ കൗണ്‍സിൽ യോഗം കഴിഞ്ഞ ശേഷം കൗണ്‍സിൽ ഹാളിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ച് ആർഎസ്എസ്. പ്രധാനമായും ബിജെപി കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചെന്പഴന്തി ഉദയന്റെ പെരുമാറ്റം ബിജെപിക്കു ക്ഷീണമുണ്ടാക്കിയെന്നാണു പാർട്ടി നേതൃത്വത്തിന്റെയും വിലയിരുത്തൽ.
കേരളത്തിൽ ബിജെപിയ്ക്കു ഭരണമുള്ള ഏക കോർപറേഷനാണു തിരുവനന്തപുരം. അതുകൊണ്ടുതന്നെ കോർപറേഷനിൽ എന്തു നടന്നാലും അതു രാജ്യമാകെ ശ്രദ്ധിക്കുമെന്നും പ്രതിപക്ഷത്തെ നേരിടുന്പോൾ ആത്മസംയമനം വേണമെന്നും മേയർ വി.വി. രാജേഷിനോടും ജില്ലയിലെ നേതാക്കളോടും ബിജെപി സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ആർഎസ്എസിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഈ നീക്കം.
കോർപറേഷനിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവും കവടിയാർ കൗണ്‍സിലറുമായ കെ.എസ്. ശബരീനാഥനോടു ബിജെപി കൗണ്‍സിലർ ചെന്പഴന്തി ഉദയൻ മോശമായ പദപ്രയോഗങ്ങൾ നടത്തിയതും അക്രമിക്കാൻ മുതിർന്നതും സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു. ഈ സംഭവം ബിജെപിക്കെതിരെ കോണ്‍ഗ്രസ് വലിയ ആയുധമാക്കുകയും ചെയ്തു. ശബരീനാഥനെതിരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെ, അടി കോണ്‍ഗ്രസിന്റെ വനിതാ കൗണ്‍സിലറുടെ തോളിൽ പതിക്കുന്നതു മാധ്യമങ്ങൾ വലിയ വാർത്തയാക്കി.
ഇതു ബിജെപിക്കും കോർപറേഷൻ ഭരണനേതൃത്വത്തിനും വലിയ നാണക്കേടുണ്ടാക്കിയെന്നാണു ബിജെപി നേതൃത്വവുംവിലയിരുത്തിയിട്ടുള്ളത്. വാഴോട്ടുകോണം വാർഡിലെ ബിജെപി കൗണ്‍സിലർ ആർ. സുഗതൻ കാപ്പാ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്നതും സത്യപ്രതിജ്ഞ വീണ്ടും ചെയ്യാൻ കഴിയാത്തതിന്റെയും ആശങ്ക പാർട്ടിയെ വല്ലാതെ അലട്ടുന്നതിനിടെയാണു ചെന്പഴന്തി ഉദയനുമായി ബന്ധപ്പെട്ട സംഭവവും ഉണ്ടായിരിക്കുന്നത്.
ആർ. സുഗതനു വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെ വന്നാൽ സ്വാഭാവികമായും കൗണ്‍സിലർ സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെടും. അങ്ങനെവന്നാൽ കോർപറേഷൻ ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന തു മേയർ വി.വി.രാജേഷിന് അഗ്നിപരീക്ഷണമാകും.
അവിശ്വാസത്തിനു തയാറെടുത്തത് ആലോചനകളില്ലാതെ
ബിജെപി ഭരണത്തെ താഴെയിറക്കുന്നതിനായി അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കഴിയാത്തതിന്റെ ജാള്യതയിൽ കോണ്‍ഗ്രസ്. പാർട്ടി നേതൃതലത്തിൽ പോലും ഒരു ചർച്ചയും ഇതു സംബന്ധിച്ചു നടന്നിട്ടില്ലെന്നാണു ലഭിക്കുന്ന വിവരം.
സിപിഎമ്മിന്റെ പിന്തുണയില്ലാതെ അവിശ്വാസ പ്രമേയം നൽകാൻപോലും കഴിയാത്ത സാഹചര്യത്തിൽ എന്തു കണ്ടുകൊണ്ടാണ് ഇങ്ങനെയൊരു നീക്കത്തിനു പാർട്ടി മുതിർന്നതെന്നാണു കോണ്‍ഗ്രസ് നേതാക്കളുടെയും ചോദ്യം. ജില്ലയിലെ പ്രമുഖ സിപിഎം നേതാവുമായുള്ള ശബരീനാഥന്റെ ബന്ധമാണ് അവിശ്വാസ പ്രമേയ നീക്കത്തിലേക്കു നയിച്ചതെന്നാണു കോണ്‍ഗ്രസിനുള്ളിലെ സംസാരം.
ഈ ബന്ധം ജില്ലയിൽ പാർട്ടിക്കു ദോഷം ചെയ്യുമെന്നാണു ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളുടെയും അഭിപ്രായം. പാർട്ടിയോട് ആലോചിക്കാതെ കോർപറേഷനുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ എടുത്തുചാടി തീരുമാനങ്ങൾ എടുക്കരുതെന്നു ശബരീനാഥനോടും ബന്ധപ്പെട്ടവർ പറഞ്ഞതായാണു വിവരം.
ആരും സൂപ്പർ ജില്ലാ സെക്രട്ടറി ആകേണ്ട....
തിരുവനന്തപുരം: കോർപറേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുൻ മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ വി. ശിവൻകുട്ടി അനാവശ്യമായി ഇടപെടുന്നൂവെന്ന പരാതി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിക്കുണ്ട്.
എന്നാൽ അതദ്ദേഹം ഇതുവരെയും പരസ്യമായൊന്നും പ്രകടിപ്പിച്ചിട്ടില്ല. കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിനു മുതിർന്നതു ശിവൻകുട്ടിയുടെ വാക്കു കേട്ടാണെന്നാണു പൊതുവെയുള്ള സംസാരം.
കോർപറേഷൻ തെരഞ്ഞെടുപ്പു കഴിഞ്ഞതിനു പിന്നാലെ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച കണ്ണമൂല കൗണ്‍സിലർ പാറ്റൂർ രാധാകൃഷ്ണനെ വസതിയിൽ വിളിച്ചുവരുത്തി അന്നു മന്ത്രിയായിരുന്ന ശിവൻകുട്ടി കണ്ടതു ഏറെ വിവാദമായിരുന്നു.
ബിജെപി അധികാരത്തിൽ വരുന്നതു തടയാൻ എൽഡിഎഫും യുഡിഎഫും പിന്തുണച്ചു രാധാകൃഷ്ണനെ മേയറാക്കാനുള്ള നീക്കവും ശിവൻകുട്ടി നടത്തിയിരുന്നു. എന്നാൽ സിപിഎം സംസ്ഥാന നേതൃത്വം ഈ നീക്കം തടയുകയായിരുന്നു. ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള നീക്കവുമായി ശിവൻകുട്ടി രംഗത്തെത്തിയതാണു സിപിഎം ജില്ലാ സെക്രട്ടറിയെ ചൊടിപ്പിച്ചിരിക്കുന്നത്.
പാർട്ടി ജില്ലാ നേതൃത്വവുമായി ആലോചിക്കാതെയാണു ശിവൻകുട്ടി മുന്നോട്ടുപോകുന്നതെന്ന പരാതി സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.
Tags : Local News Nattuvishesham Thiruvananthapuram