കെ.പി. നിസാറിന്റെ വീട്ടിലെ അടുക്കള കത്തിനശിച്ച നിലയിൽ.
തൃക്കരിപ്പൂർ: ബീരിച്ചേരി കൂലേരിയിലെ പ്രവാസിയുടെ വീട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങളും മറ്റും കത്തി നശിച്ചു. കെ.പി. നിസാറിന്റെ ഭാര്യ എം.സി.നുസൈബ വീട്ടിലെ അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കുന്പോൾ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. അടുക്കളയിലെ മുഴുവൻ വീട്ടുപകരണങ്ങളും തീ പിടിച്ച് കത്തുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
നുസൈബ തൊട്ടടുത്ത മുറിയിൽ കിടക്കുകയായിരുന്ന മകൾ നാഫിയയെയും 40 ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെയും വാരിയെടുത്ത് പുറത്തേക്കോടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തു. മിനിറ്റുകൾക്കകം പാചക വാതക സിലിണ്ടർ പൊട്ടി അടുക്കളയിൽ പറന്നു നടന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടയാണ് സംഭവം.നടക്കാവിൽ നിന്ന് ഫയർ സ്റ്റേഷൻ
ഓഫീസർ കെ.വി.പ്രഭാകരന്റെ നേതൃത്വത്തിൽ അഗ്നി രക്ഷസേനയെത്തി ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടുപ്പ് സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് പൊട്ടിത്തെറിക്കുകയും ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഗ്രൻഡർ, കിടപ്പുമുറിയിലെ എയർ കണ്ടീഷണറും പാത്രങ്ങളും റേക്കുകളും വയറിംഗുകളും ഐ ഫോണും പൂർണമായും കത്തിനശിച്ചു.