കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാട്കുന്ന് നാലുവരി പാതയുടെ നിർമാണത്തിലും കരാർ നൽകിയതിലും അഴിമതിയുണ്ടെന്നും ഇത് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും കെ.ജയന്ത് എംഎൽഎ. റോഡ് നിർമാണവുമായി ബന്ധപ്പെട്ടും കരാർ നൽകിയതിലും വൻ അഴിമതിയാണുള്ളത്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ട്. ഈ സാഹചര്യത്തിൽ അഴിമതി നടത്തിയവരെ കണ്ടെത്തുന്നതിനായി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും പൊതുമരാമത്ത് മന്ത്രിയ്ക്കും പരാതി നൽകുമെന്നും എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാനാഞ്ചിറ മുതൽ വെള്ളിമാട്കുന്ന് വരെ 8.3 കിലോമീറ്റർ റോഡാണ് നാലുവരിയായി വികസിപ്പിക്കുന്നത്. മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെയുള്ള ആദ്യഘട്ട പ്രവൃത്തിയ്ക്ക് 85.92 കോടി രൂപയാണ് ടെൻഡർ നിശ്ചയിച്ചത്.
ഒരു കിലോമീറ്റർ റോഡിന്റെ പ്രവൃത്തിയ്ക്ക് 15 മുതൽ 16 കോടി വരെയാണ് ചെലവ് വരുന്നത്. എന്നാൽ പഞ്ചായത്ത് റോഡ് നിർമിക്കുന്നതിന് സമാനമായ രീതിയിലാണ് ഇത്രയും തുക ചെലവഴിച്ചുള്ള റോഡ് കരാർ കമ്പനി നിർമിച്ചതെന്നാണ് ആരോപണം. റോഡ് നിർമാണം നടക്കുന്നിടത്ത് പരിശോധന നടത്താൻ പോലും പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർ തയാറാവാത്തത് ദുരൂഹമാണ്.
റോഡിന്റെ ഒരു വശത്തുനിന്ന് മറുവശത്തേക്ക് വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ, കെഎസ്ഇബി കേബിളുകൾ, ടെലിഫോൺ, ഇന്റർനെറ്റ് ലൈനുകൾ എന്നിവ കൂടാതെ കടത്തിവിടാൻ വേണ്ടി റോഡിന് അടിയിലൂടെ പ്രത്യേക കോൺക്രീറ്റ് ചാലുകൾ (ക്രോസ് ഡക്ട്) നിർമിക്കുമെന്നായിരുന്നു കരാറിലുള്ളത്. ഓരോ 250 മീറ്ററിലും ഇത്തരത്തിൽ 23 സ്ഥലങ്ങളിലായി റോഡിന് കുറുകേ കോൺക്രീറ്റ് ചാലുകൾ നിർമിക്കണം. എന്നാൽ നിലവിൽ റോഡിന്റെ ടാറിംഗ് പൂർത്തിയായിട്ടും ഇത്തരത്തിൽ ക്രോസ് ഡക്ട് സ്ഥാപിച്ചിട്ടില്ല. പ്രധാനപ്പെട്ട റോഡുകളെല്ലാം ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് നിർമിക്കുന്നത്. എന്നാൽ ഈ നിലവാരത്തിലല്ല റോഡ് നിർമിച്ചതെന്നും ജയന്ത് വ്യക്തമാക്കി.
കൂടാതെ മലപ്പുറം ആസ്ഥാനമായ മിഡ്ലാൻഡ് കോൺട്രാക്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്ക് കരാർ നൽകിയതിലും ദുരൂഹതയുണ്ട്. ടെൻഡറിൽ പങ്കെടുത്ത ഏഴ് കമ്പനികളെ പിന്തള്ളിയാണ് തട്ടിപ്പിലൂടെ കമ്പനി കരാർ നേടിയെടുത്തത്. കരാർ ഏറ്റെടുക്കുന്ന കമ്പനിയ്ക്ക് പ്രവൃത്തി പരിചയമുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ നേരത്തെ നിശ്ചിയിച്ചിട്ടുണ്ട്. എന്നാൽ മറ്റൊരു കമ്പനിയുടെ പ്രവൃത്തി സൂചിപ്പിച്ചുകൊണ്ടാണ് നിലവിലെ കരാർ കമ്പനി ടെൻഡറിൽ പ്രവൃത്തി പരിചയമുണ്ടെന്ന് കാണിച്ചിട്ടുള്ളത്.
ഒൻപത് മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു കരാർ. എന്നാൽ നിലവിൽ 60 ശതമാനം പ്രവൃത്തി മാത്രമാണ് പൂർത്തീകരിച്ചത്. കൂടാതെ രണ്ടാംഘട്ടത്തിലെ പ്രവൃത്തിയ്ക്ക് ടെൻഡർ പോലും വിളിക്കാതെയാണ് ഈ കമ്പനിയ്ക്ക് തന്നെ കരാർ നൽകിയത്. മുൻ കരാറിൽ വീഴ്ചവരുത്തിയ കമ്പനിയ്ക്ക് തന്നെ ഇത്തവണ വീണ്ടും കരാർ നൽകിയതിലും ദുരൂഹതയുണ്ടെന്നും എംഎൽഎ ആരോപിച്ചു.
Tags :