ഗുരുവായൂർ: ഭരണസമിതിയും സെക്രട്ടറിയുമായുള്ള ഭിന്നത തുടരുന്നതിനിടെ പ്രത്യേക കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹത്തിനിടെ സെക്രട്ടറിക്കെതിരെയുള്ള പ്രമേയം പാസാക്കി നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ കൗൺസിൽയോഗം പിരിച്ചുവിട്ടു.
പ്രത്യേക കൗൺസിൽ യോഗം ആരംഭിച്ചയുടൻ കോൺഗ്രസിലെ സി.ജോയ് ചെറിയാൻ പ്രമേയാവതരണത്തെ ചോദ്യം ചെയ്തു. റുൾ 18 പ്രകാരം പ്രമേയം അവതരിപ്പിക്കാൻ പാടില്ലെന്ന് ജോയ് ചെറിയാൻ പറഞ്ഞു.ഇതിനിടെ ഭരണപക്ഷം പ്രമേയാവതരണം തുടങ്ങിയിരുന്നു.ഇതോടെ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, കൗൺസിലർമാരായ ആന്റോതോമസ്, നൗഷാദ് അഹമ്മു, റഷീദ് കുന്നിക്കൽ എന്നിവർ എണീറ്റ് പ്രമേയാവതരണത്തെ ചോദ്യം ചെയ്തു. ഭരണകക്ഷിയിലെ അംഗങ്ങളും എണീറ്റു. ഇതോടെ വലിയ ബഹളമായി.
ചെയർപേഴ്സൺ പ്രമേയത്തെ അനുകൂലിക്കുന്നവർ കൈ പൊക്കാൻ ആവശ്യപ്പെട്ടു. ഭരണകക്ഷിയിലെ അംഗങ്ങൾ കൈ പൊക്കി പ്രമേയത്തെ അനുകൂലിച്ചു.
പ്രമേയം പാസായതായും ഇത് സർക്കാരിനെ അറിയിക്കുമെന്നും പറഞ്ഞ് ചെയർപേഴ്സൺ കൗൺസിൽ യോഗം പിരിച്ചുവിട്ടു.യുഡിഎഫ് അംഗങ്ങൾ ചെയർപേഴ്സനെതിരെ മുദ്രാവാക്യം വിളികളോടെയാണ് ഇറങ്ങിപ്പോയത്.
നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാറിനെ മാറ്റണമെന്നും സെക്രട്ടറിക്കെതിരെ നിയമനടപടി എടുക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രമേയം.
കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ അവസാന മൂന്ന് വർഷവും ഇതേ സെക്രട്ടറി തന്നെയായിരുന്നു നഗരസഭയിൽ ഉണ്ടാരുന്നത്. ഇക്കാലയളവിലെ അവസാന മൂന്നുവർഷവും തുടർച്ചയായി ഗുരുവായൂർ നഗരസഭയാണ് സംസ്ഥാനത്തെ മികച്ച നഗരസഭയായി തെരഞ്ഞെടുക്കപ്പെട്ടത്.
പുതിയ ഭരണസമിതി ചുമതലയേറ്റശേഷം മേയ് മാസത്തിൽ വേൾഡ്കപ്പ് ഫുഡ് പ്രദർശനവുമായി ബന്ധപ്പെട്ട് സെക്രട്ടറി വിയോജന കുറിപ്പ് നൽകിയതോടെയാണ് പുതിയ ഭരണസമിതിയുമായി ഇടയുന്നത്.
ഗുരുവായൂർ: പുതിയ ഭരണസമിതി ചുമതലയേറ്റശേഷം സെക്രട്ടറി വികസനപ്രവർത്തനങ്ങൾക്കു തടസം നിൽക്കുന്നതായും അതിനാൽ ഗുരുവായൂരിൽ ഭരണസ്തംഭനമാണെന്നും നഗരസഭ ചെയർപേഴ്സൻ സുനിത അരവിന്ദൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
നഗരസഭ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങൾക്ക് സെക്രട്ടറി എതിര് നിൽക്കുകയാണ്. ഒന്നാം സ്ഥാനത്തുള്ള നഗരസഭ 86 -ാം സ്ഥാനത്തേക്ക് എത്താൻ കാരണം സെക്രട്ടറിയുടെ നടപടികളാണ്. ചെയർപേഴ്സൻ ഉൾപ്പെടെയുള്ളവർ തിരുവനന്തുരത്തെത്തി പ്ലാൻ ഫണ്ട് ചെലവഴിച്ചതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചശേഷമാണ് നഗരസഭയുടെ സ്ഥാനം 40 -ൽ എത്തിയത്. ഇനിയും നടപടിക്രമങ്ങൾ പൂർത്തി
കരിക്കാനുള്ളതായും ചെയർപേഴ്സൺ അറിയിച്ചു.
പുതിയ സർക്കാർ വന്നശേഷം സെക്രട്ടറി യുഡിഎഫിനൊപ്പംചേർന്ന് വികസന പ്രവർത്തനങ്ങൾക്കു തടസം നിൽക്കുകയാന്നെന്നും ആരോപിച്ചു. ചട്ട പ്രകാരമാണ് ഇന്നലെ കൗൺസിൽ വിളിച്ചതെന്നും ചെയർപേഴ്സൺ സുനിത അരവിന്ദൻ അറിയിച്ചു.
ഗുരുവായൂരിൽ ഭരണസ്തംഭനമെന്ന് ഭരണപക്ഷം
അഴിമതിക്ക് കൂട്ടുനിൽക്കാത്തത്
എതിർപ്പിനു കാരണം: സെക്രട്ടറി
ഗുരുവായൂർ: ബയോപാർക്കിലെ വളം അവിടെനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട അഴിമതിക്ക് കൂട്ടുനിൽക്കാത്തതാണ് സെക്രട്ടറിയുമായുള്ള ഭരണസമിതിയുടെ ഭിന്നതയ് ക്ക് കാരണമെന്ന് സെക്രട്ടറി അറിയിച്ചു.
ചൂൽപ്പുറം ബയോപാർക്കിലെ വളം വടക്കാഞ്ചേരിയിലെ ക്വാറിയിൽ എത്തിക്കണമെന്ന ആവശ്യവുമായി കൗൺസിലർമാരായ എ.എസ്. മനോജ്,എറിൻ എന്നിവർ തന്റെ കാബിനിലെത്തി. ഹരിതസേനയുടെ അഞ്ച് ലക്ഷംരൂപ വളം മാറ്റുന്നതിന് നൽകാമെന്നും ഇത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.എന്നാൽ ബയോപാർക്കിലെ വളം വില്പന നടത്തി തീർക്കുന്നതാണ് രീതി. പണം ചെലവഴിച്ച് മാറ്റാൻ കഴിയില്ലെന്നും അറിയിച്ചു.
ഇതു മുതലാണ് ഭിന്നത തുടങ്ങിയ്.ഈ വർഷം പ്ലാൻ ഫണ്ട് ചെലവഴിക്കേണ്ട പ്ലാൻഫണ്ട് 100 ശതമാനം ചെലവഴിച്ചതായും സെക്രട്ടറി അറിയിച്ചു.
മിനിറ്റ്സ് വൈകിപ്പിക്കുന്നു എന്ന് പറയുന്നത് ശരിയല്ലെന്ന് തെളിവുകൾ നിരത്തി സെക്രട്ടറി പറഞ്ഞു.ലോകകപ്പ് പ്രദർശനം ഐക്യകണ്ഠേന പാസായി എന്ന് ഭരണപക്ഷം പറയുന്നതു ശരിയല്ല. പ്രതിപക്ഷം വിയോജനക്കുറിപ്പ് നൽകിയതായും സെക്രട്ടറി പറഞ്ഞു. ഗുരുവായൂർ നഗരസഭയിൽ മൂന്ന് വർഷം പൂർത്തീകരിച്ച് കഴിഞ്ഞതായും ഇക്കാലയളവിൽ നഗരസഭയിൽ മികച്ച പ്രവർത്തനങ്ങൾ നടത്താനായതായും സെക്രട്ടറി എച്ച്. അഭിലാഷ്കുമാർ അറിയിച്ചു.
"നഗരസഭയെ 86 ാം സ്ഥാനത്ത്
എത്തിച്ച ഭരണസമിതി'
ഗുരുവായൂർ: ആറുമാസംകൊണ്ട് നഗരസഭയെ ഒന്നാംസ്ഥാനത്ത് നിന്ന് 86-ാം സ്ഥാനത്ത് എത്തിച്ച ഭരണസമിതിയാണ് ഭരിക്കുന്നതെന്ന് യുഡിഎഫ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഭരണ സ്തംഭനത്തിന്റേയും വീഴ്ചകളുടേയും ഉത്തരവാദിത്വം സെക്രട്ടറിയുടെ മേൽ ചാരുകയാണ് ചെയ്യുന്നത്.
ജനാധിപത്യത്തിന് എതിരായി മുൻസിപ്പൽ ചട്ടം കാറ്റിൽ പറത്തികൊണ്ടുള്ള നടപടികളാണ് ഭരണസമിതി ചെയ്യുന്നത് എന്നും യുഡിഎഫ് കൗൺസിലർമാരായ സി. ജോയ് ചെറിയാൻ, ബഷീർ പുക്കോട്, ആന്റോ തോമസ്, ജലീൽ പണിക്കവീട്ടിൽ, മെഹ്റൂഫ് തുടങ്ങിയവർ അറിയിച്ചു.