തിരുവോണം ബംപര്‍ ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം
കോട്ടയം: വിശ്വാസ്യതയാണു കേരള ലോട്ടറിയുടെ മുഖമുദ്രയെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കളക്ടറേറ്റില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപര്‍ (ബിആര്‍ 111) ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാഗ്യക്കുറി വില്പനക്കാരിയായ ളാക്കാട്ടൂര്‍ സ്വദേശിനി ലൈലാകുമാരിക്ക് ടിക്കറ്റുകള്‍ നല്‍കിയാണ് ജില്ലയിലെ വിതരണത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, നഗരസഭാ അംഗങ്ങളായ ജോഫി മരിയ ജോണ്‍, അനുഷ കൃഷ്ണ, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് മുന്‍ അംഗം ഫിലിപ്പ് ജോസഫ്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.പി. മെഹബൂബ് തുടങ്ങിയവര്‍ പങ്കെടുത്തു.