കളിയൽ: ഭീതി ഒഴിഞ്ഞു, മുതല കെണിയിൽക്കുടുങ്ങി. കോതയാറ്റിൽ ഏഴു മാസത്തിലേറെയായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ 300 കിലോ ഭാരമുള്ള ഭീമൻ മുതലയാണ് പിടിയിലായത്.
വനംവകുപ്പിന്റെ പ്രത്യേക സംഘം സ്ഥാപിച്ച വലയിലാണ് മുതല കുടുങ്ങിയത്. ഏഴ് മാസം മുൻപാണ് കോതയാറ്റിൽ മുതലയുടെ സാന്നിധ്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു മുതലയെ പിടികൂടാനായി വനംവകുപ്പ് വിവിധ നടപടികൾ സ്വീകരിച്ചുവരികയായിരുന്നു. ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘത്തെയും ഇതിനായി എത്തിച്ചിരുന്നു.
കോഴിയെയും ആടിനെയും ഇരയായിവച്ച് കെണിയൊരുക്കിയെങ്കിലും മുതല പിടിക്കൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. തുടർന്നു പ്രത്യേക സംഘം പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തുകയും മുതലയുടെ സഞ്ചാരപഥങ്ങളിൽ വലകൾ സ്ഥാപിക്കുകയുമായിരുന്നു. ഇന്നലെ രാവിലെയോടെ നിലക്കൽ ആറ്റുപാതത്തിനു സമീപം സ്ഥാപിച്ച വലയിൽ മുതല കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് മുതലയെ കാണാനെത്തിയത്.
വലയിൽ കുടുങ്ങിയ 300 കിലോയോളം തൂക്കമുള്ള മുതലയെ കൂടുതൽ വലകൾ ഉപയോഗിച്ച് സുരക്ഷിതമായി വനംവകുപ്പ് ജീവനക്കാർ കരയ്ക്കെത്തിച്ചു. തുടർന്ന് സീറോ പോയിന്റിലുള്ള വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. അതേസമയം, ആറു വർഷം മുൻപ് ഈ മുതല ചെറുതായിരുന്നപ്പോൾ തന്നെ പലയിടത്തും കണ്ടതായി നാട്ടുകാർ ദൃശ്യങ്ങൾ സഹിതം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും, അതു വ്യാജമാണെന്ന് പറഞ്ഞ് വനംവകുപ്പ് അവഗണിക്കുകയായിരുന്നുവെന്ന ആരോപണവുമുണ്ട്. പിടികൂടിയ മുതലയെ എങ്ങോട്ട് മാറ്റുമെന്ന കാര്യം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമേ തീരുമാനിക്കുകയുള്ളൂ.