നടത്തറ: സെക്കൻഡുകൾ വീശിയടിച്ച ചുഴലിക്കാറ്റ് തകർത്തെറിഞ്ഞ കൊഴുക്കുള്ളി പള്ളിമൂല, മുറിയൻകുന്ന് ഉന്നതി എന്നിവിടങ്ങളിൽ പ്രദേശവാസികൾ സാധാരണ നിലയിലേക്ക്. ചുഴലിക്കാറ്റിൽ നാല്പതോളം വീടുകൾക്കാണ് കേടുപാടുകൾ പറ്റിയത്. ഇതിൽ 23 വീടുകൾക്കു കാര്യമായ നഷ്ടം സംഭവിച്ചിരുന്നു.
റോഡിൽ വീണ മരങ്ങൾ ചൊവ്വാഴ്ച രാത്രിതന്നെ മുറിച്ചുനീക്കി. കാറ്റിൽ ഒടിഞ്ഞുവീണ വൈദ്യുതി തൂണുകൾ മാറ്റി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ജലനിധി കുടിവെള്ളവിതരണം പുനഃസ്ഥാപിച്ചു. വീടുകളിലെ കോമ്പൗണ്ടിൽ ചുഴലിക്കാറ്റിൽ മറിഞ്ഞുവീണ മരങ്ങൾ വീട്ടുടമകളോടു മുറിച്ചുനീക്കാൻ പഞ്ചായത്ത് അധികൃതർ നിർദേശം നൽകി.
കൃഷിനാശം സംഭവിച്ചവർക്കു കൃഷിഭവൻവഴി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള അപേക്ഷാഫോമുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തുതുടങ്ങി. ഫോട്ടോസഹിതമാണ് അപേക്ഷ നൽകേണ്ടത്.
പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ കൂറ്റൻമരങ്ങൾ വീണ് തകർന്ന വാഹനങ്ങൾ ഇന്നലെ മാറ്റി. ക്രെയിൻ എത്തിച്ച് മരങ്ങൾ ഉയർത്തിയാണ് വാഹനങ്ങൾ മാറ്റിയത്. അഞ്ചു വാഹനങ്ങളാണ് മരങ്ങളുടെ അടിയിൽപെട്ടത്. രണ്ടു വാഹനങ്ങൾ പൂർണമായും തകർന്ന നിലയിലാണ്.