കേരള കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി യോഗം
തിരുവമ്പാടി: ഒരു വില്ലേജിനെ പൂർണമായും ഒരു ഏകകമായി മാത്രമേ പരിഗണിക്കാവൂ എന്ന കേന്ദ്ര മാനദണ്ഡം നിലനിൽക്കുന്ന സാഹചര്യത്തിൽപരിസ്ഥിതി ലോല പ്രദേശ (ഇഎസ്എ) പരിധിയിൽ ഉൾപ്പെട്ട വില്ലേജുകളിലെ സംരക്ഷിത വനഭൂമിയെ വേർതിരിച്ച് വനവില്ലേജ്, റവന്യു വില്ലേജ് എന്നിങ്ങനെ രണ്ടായി തരംതിരിക്കണമെന്ന് കേരള കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വന വില്ലേജിനെ മാത്രം ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തുകയും റവന്യു വില്ലേജിനെ ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു. 131 ഇഎസ്എ വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ വനഭൂമിയുണ്ടെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ട് അടിയന്തരമായി റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
131 വില്ലേജുകളിലെയും ഭൂമി പുതുതായി സർവേ നടത്തി വനഭൂമിയുടെ കൃത്യമായ വിസ്തൃതി രേഖപ്പെടുത്തിയ പുതുക്കിയ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ച് മലയോര മേഖലയിലെ ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ജോണി പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെലൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സി.ജെ. ടെന്നീസൻ, ടി.ജെ. റോയി, ഷിനോയ് അടയ്ക്കാപ്പാറ, ജയിംസ് വേളാശേരി, ദീപ ഷൈജോ, ജ്യോതി സന്തോഷ്, ബ്ലെസൻ കുന്നേൽ, ജെയ്സൻ മേനാക്കുഴി എന്നിവർ പ്രസംഗിച്ചു. എൻ.ജെ. ജോസഫ്, ബെന്നി മണിക്കൊമ്പിൽ, സാജു പൊട്ടനാന്നി, മാത്യു കുന്നുംപുറം, ജോസ് പാലിയത്ത്, പോൾ അറക്കൽ, ജോസ് ഞാവള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.