ആറളം പഞ്ചായത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഫോഗിംഗ് നടത്തുന്നു.
ഇരിട്ടി: ആറളം പഞ്ചായത്തിലെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത അമ്പലക്കണ്ടി, പയോറ, വീർപ്പാട്, വട്ടപ്പറമ്പ് പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഫോഗിംഗ്, ഉറവിട നശീകരണം, മരുന്ന് തളിക്കൽ, ബോധവത്കരണ ക്ലാസ് തുടങ്ങിയവ നടത്തി. മട്ടന്നൂർ ഡിവിസി യൂണിറ്റിന്റെ നേതൃത്വത്തിലാണ് അമ്പലക്കണ്ടി, പയോറ പ്രദേശങ്ങളിൽ ഫോഗിംഗ് നടത്തിയത്. വരും ദിവസങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത മറ്റ് സ്ഥലങ്ങളിലും ഫോഗിംഗ് ഉൾപ്പെടെ പ്രതിരോധ നടപടികൾ സ്വീകരിക്കും. അധികൃതർ നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.
ബോധവത്കരണം
ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നേരിട്ടെത്തി ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തിന് മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു. അധികൃതരുടെ പരിശോധനയിൽ കൊതുകിനെ വളർത്തുന്ന സാഹചര്യങ്ങൾ കണ്ടെത്തിയാൽ പൊതുജനാരോഗ്യ നിയമപ്രകാരം ഇവർക്കെതിരേ പിഴ ഉൾപ്പെടെ ഈടാക്കുമെന്നും അറിയിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ജയ്മി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ ജോഷി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ എസ്.സി. അരുൺ, ഒ. ഗിന, എൻ. പാർവതി, പി.കെ. സഹല, എം.വി. നവീന ജെപിഎച്ച്എൻ, ആശാ പ്രവർത്തകർ, ഫോഗിംഗ് മട്ടന്നൂർ ഡിവിസി യൂണിറ്റിലെ എം. വിപിൻ, കെ. സീന എന്നിവർ പ്രതിരോധപ്രവർത്തങ്ങളിൽ പങ്കടുത്തു.
അയ്യൻകുന്നിൽ അവലോകനയോഗം
മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയിലും കരിക്കോട്ടക്കരി സമീപപ്രദേശങ്ങളിലും ആരോഗ്യവകുപ്പും അയ്യൻകുന്ന് ഗ്രാമപഞ്ചായത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ എടപ്പുഴയിൽ അവലോകന യോഗം ചേർന്നു.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ മേഴ്സി മരിയ, ആരോഗ്യ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham District News