കൊല്ലം: ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. പനിബാധിച്ച് ഒരാൾ മരിച്ചു. 391പേർക്കു രോഗം സ്ഥിരീകരിച്ചു. ഈ മാസം 17വരെ 59 പേർക്കാണ് രോഗബാധ. നാലുവർഷം കൂടുമ്പോൾ ഡെങ്കിപ്പനി തീവ്രമായി പൊട്ടിപ്പുറപ്പെടുന്നതിനാൽ ഇക്കുറി വൻതോതിൽ വ്യാപനം ഉണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
കൊല്ലം കോർപറേഷൻ, മേലില, മയ്യനാട് തുടങ്ങിയ വിവിധ മേഖലകളിൽ രോഗം പടരുന്നുണ്ട്. നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ രോഗം കണ്ടെത്തി. മാലിന്യം നിർമാർജനം ചെയ്യാത്തതാണ് നഗരപരിധിയിൽ രോഗം പടരാൻ കാരണം.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ വംശവർധനവിനും വ്യാപനത്തിനും ഒരാഴ്ച മുന്‍പുവരെയുള്ള ഉയർന്ന താപനില അനുകൂല സാഹചര്യമായിരുന്നു.
താപനിലയിൽ ഉണ്ടാകുന്ന ഒരുഡിഗ്രി സെൽഷ്യസ് വർധന ഡെങ്കിപ്പനി വരാനുള്ള സാധ്യത 13 ശതമാനം ഉയർത്തുമെന്നാണ് കണക്ക്. ഇപ്പോൾ ഇടവിട്ട് പെയ്യുന്ന വേനൽ മഴയാണ് രോഗം അതിവേഗം പടരാനുള്ള കാരണം.
രക്തപരിശോധന
ഡെങ്കിപ്പനി ബാധിച്ചവരില്‍ പ്ലേറ്റ്ലറ്റ് കൗണ്ട് കുറയും. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ രക്തപരിശോധനയ്ക്ക് വിധേയമാക്കണം. ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ സാധാരണമായി 1.5ലക്ഷം മുതല്‍ 4.5 ലക്ഷം വരെയാണ് പ്ലേറ്റ്ലറ്റുകളാണുണ്ടാകുക. ഡെങ്കിപ്പനി ബാധിച്ചവരില്‍ അമ്പതിനായിരത്തില്‍ താഴെയാകുമ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കേണ്ടി വരും.
പ്രതിരോധിക്കാം
ഈഡിസ് കൊതുക് പെരുകുന്നതു തടയാൻ വീടും പരിസരവും ശുചിയായി സൂക്ഷിക്കുക. വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഒഴിവാക്കുക. കിണറും വെള്ളം ശേഖരിക്കുന്ന ടാങ്കും പാത്രങ്ങളുമൊക്കെ കൊതുകുവല കൊണ്ട് മൂടുക.
വീടിന്റെ ടെറസിലും സണ്‍ഷെയ്ഡിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴുക്കികളയുക. കൂത്താടികളെ നശിപ്പിക്കണം. ഇതിനായി മണ്ണെണ്ണയോ ജൈവകീടനാശിനികളോ ഒഴിക്കാം. ഗപ്പി പോലുള്ള മത്സ്യങ്ങളെ വെള്ളത്തിൽ നിക്ഷേപിക്കുന്നതും നല്ലത്.
വീടിനുള്ളിൽ കൊതുകിനെ അകറ്റാന്‍ കുന്തിരിക്കം പുകയ്ക്കാം.ജലജന്യ രോഗങ്ങളും മഴക്കാലം തുടങ്ങുന്നതോടെ ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ പടരാൻ സാധ്യതയേറയൊണ്.
ശുചിത്വം ഉറപ്പാക്കുക. തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണവും പച്ചക്കറികളും ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം.
Tags : nattu vishesham Dengue fever spreads