കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ ആഴ്ചകളായി ജനവാസമേഘലയിൽ പകലും നാശംവിതക്കുന്ന കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചിട്ടും നടപടിയില്ല. ഇന്നലെ ഭൂതത്താൻകെട്ട് ഡാമിന് സമീപം ജനവാസമേഖലയിൽ എത്തിയ പിടിയാന കൃഷിയിടങ്ങളിൽ നാശം വരുത്തി. ഇവിടെയുള്ള കോഴിഫാമിലേക്ക് വൈദ്യുതി കണക്ഷന് നല്‍കിയിട്ടുള്ള കേബിളും ആന പൊട്ടിച്ചുകളഞ്ഞു.
കേബിള്‍ ആയതിനാല്‍ ആന വൈദ്യുതാഘാതമേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മുതല്‍ ആനയെ തുരത്താന്‍ വീണ്ടും വനപാലകര്‍ ശ്രമങ്ങൾ നടത്തിയെങ്കിലും ഇത് വെറും ഒരു പുഴകടത്തൽ മാത്രമായി ഒതുങ്ങുകയാണ്.
കോട്ടപ്പാറ പ്ലാന്റേഷനിലേക്കോ പെരിയാര്‍കടന്ന് മറുകരയിലേക്കോ ആന പോയെന്ന് ഉറപ്പുവരുത്തുക മാത്രമാണ് എല്ലാദിവസവും വനപാലകര്‍ ചെയ്യുന്നത്. ആന മണിക്കൂറുകള്‍ക്കകം ജനവാസമേഖലകളിലേക്ക് തിരിച്ചെത്തും.
വ്യാഴാഴ്ച രാവിലെ ഭൂതത്താന്‍കെട്ട് ഡാമിന് താഴ്ഭാഗത്തുകൂടിയാണ് ആന വനത്തിലേക്ക് കടന്നുപോയത്. എന്നാല്‍ രാത്രിയായതോടെ ആന വീണ്ടും ഇക്കരെയെത്തി. ആനയെ ഉൾവനത്തിലേക്ക് കടത്തിവിടാതെ കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിൽ പകലും നാശംവിതക്കുന്ന പിടിയാനയുടെ ശല്യത്തിന് ശമനമുണ്ടാകില്ല.
Tags : Local News Nattuvishesham Ernakulam