ചെര്‍ക്കള: ടൗണിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ഓവുചാലുകളെ ബന്ധിപ്പിച്ച് പുതിയ സംവിധാനമുണ്ടാക്കാന്‍ കളക്ടറുടെ നിർദേശപ്രകാരം ആര്‍ഡിഒ ബിനു ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണ.
പാടി റോഡിലെ ഓവുചാലിനെയും ദേശീയപാതയോരത്ത് ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഓവുചാലിനെയും ബന്ധിപ്പിച്ച് രണ്ടര മീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ ആഴവുമുള്ള പുതിയ ഓവുചാൽ നിർമിക്കാനാണ് നിർദേശം. നിലവിലുള്ള പദ്ധതിരേഖ പ്രകാരം ദേശീയ പാത അഥോറിറ്റിക്ക് 1.4 മീറ്റര്‍ വീതിയുള്ള ഓവുചാൽ മാത്രമേ നിര്‍മിക്കാനാവൂ.
വെള്ളക്കെട്ട് ഒഴിവാക്കാൻ അത് മതിയാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ദുരന്ത നിവാരണ അഥോറിറ്റി നിയമപ്രകാരം വലിയ ഓവുചാൽ നിര്‍മിക്കുന്നതിനുള്ള അനുമതിക്കായി ജില്ലാ കളക്ടർക്ക് പദ്ധതിനിർദേശം സമര്‍പ്പിക്കും. ഓവുചാലിന്റെ ബാക്കി ഭാഗം കുണ്ടടുക്കത്തെ തോടുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി ജോയിന്റ് ഡയറക്ടര്‍ മുഖേന കൈമാറാന്‍ ആര്‍ഡിഒ ചെങ്കള പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
പുതുതായി നിർമിച്ച മേൽപ്പാലത്തിനടിയില്‍ കൂടിക്കിടക്കുന്ന മണ്ണ് ഒലിച്ചുപോകാതിരിക്കാന്‍ അടിയന്തിരമായി ജിയോ ടെക്സ്ചര്‍ ചെയ്യാമെന്ന് നിര്‍മാണ കമ്പനി അധികൃതര്‍ യോഗത്തില്‍ ഉറപ്പുനല്‍കി. മണ്‍സൂണിന് ശേഷം ഇതിനു താഴെ ഒരു കോണ്‍ക്രീറ്റ് ടോ വാള് നിര്‍മിക്കുകയും മുകളിലേക്ക് ചരിഞ്ഞുകിടക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ചെയ്യും. പ്രവൃത്തികള്‍ വിലയിരുത്താന്‍ എട്ടിന് നിര്‍മാണ കമ്പനിയുടെ ജനറല്‍ മാനേജരും എൻജിനിയര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തും.
ബേവിഞ്ച ഭാഗത്തെ വെള്ളക്കെട്ടും റോഡുകളുടെ അവസ്ഥയും നേരിട്ടുകണ്ട് ബോധ്യപ്പെടുന്നതിനായി ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള സംഘം ഒമ്പതിന് ആ പ്രദേശം സന്ദര്‍ശിക്കാനും തീരുമാനമായി.
ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട്, എന്‍എച്ച്എഐ റസിഡന്റ് എൻജിനിയര്‍ യോഗേന്ദ്രപ്പ, ലെയ്സണ്‍ ഓഫീസര്‍ കെ. സേതുമാധവന് നായര്‍, മേഘ കണ്‍സ്ട്രക്ഷന്‍സ് എജിഎം ജി. സുധാകര്‍, പ്രോജക്ട് മാനേജര്‍ എ. ഭാസ്കര്‍, ലെയ്സണ്‍ ഓഫീസര്‍ ടി. മാധവന്, യുഎല്സിസിഎല് ലെയ്സണ്‍ ഓഫീസര്‍ മനീഷ് കുമാര്‍ എന്നിവരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tags : Nattuvishesham Local News seeks solution Cherkala town