ചെറുതോണി: ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി കഞ്ഞിക്കുഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ജനപ്രതിനിധികളുടെയും ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, കെഎസ്ഇബി ഉൾപ്പെടെ വിവിധ വകുപ്പുകളുടെയും പൊതുപ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിലാണ് പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നത്.
കാലവർഷത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വാർഡുതല ജാഗ്രതാസമിതികൾ കൂടുന്നതിനും പഞ്ചായത്ത് തലത്തിൽ മഴ ശക്തമാകുന്നതനുസരിച്ച് കൺട്രോൾ റൂം തുറക്കുന്നതിനും യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളിൽ സന്നദ്ധപ്രവർത്തകരെയും ജെസിബി, ടിപ്പർ, മരംവെട്ട് തൊഴിലാളികൾ, ആംബുലൻസുകൾ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെക്കൂടി സഹകരിപ്പിച്ച് മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി, പഞ്ചായത്ത് സെക്രട്ടറി അതുല്യ വി. കുമാർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സാവിത്രി സതീശൻ, ദീപ ജോസഫ് എന്നിവർ പ്രസംഗിച്ചു.