കോട്ടയം: കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യത്താല്‍ ജില്ലയുടെ വിവിധ മേഖലകളിലെ കര്‍ഷകരും മലയോര നിവാസികളും ബുദ്ധിമുട്ടുകയാണ്. ഒരിടവേളയ്ക്കു ശേഷം വീണ്ടും വന്യമൃഗഭീതിയിലാണ് ജില്ലയുടെ വിവിധ മേഖലകള്‍. എരുമേലി, അഴുത, കാളകെട്ടി പ്രദേശത്ത് കാട്ടാനകള്‍ വിഹരിക്കുകയാണ്. മലയോരമേഖല വിട്ടും കാട്ടുമൃഗങ്ങള്‍ നഗരങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. പൂഞ്ഞാര്‍, മണിയംകുന്ന്, അടിവാരം പ്രദേശത്ത് കാട്ടുപന്നികള്‍ വ്യാപകമായ രീതിയില്‍ കൃഷികള്‍ നശിപ്പിക്കുകയാണ്.
പൊറുതിമുട്ടി പാക്കാനം, ഇഞ്ചക്കുഴി മേഖല
മുണ്ടക്കയം: സാധാരണക്കാരായ കുടുംബങ്ങള്‍ അധിവസിക്കുന്ന പുഞ്ചവയല്‍ - പാക്കാനം, ഇഞ്ചക്കുഴി ഭാഗത്ത് വന്യമൃഗശല്യം രൂക്ഷമാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രദേശവാസിയുടെ വളര്‍ത്തുനായയെ പുലി പിടികൂടിയിരുന്നു.
വനംവകുപ്പ് സ്ഥാപിച്ച കാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുമുമ്പും പ്രദേശവാസികളുടെ വളര്‍ത്തുനായയെ പുലി പിടികൂടിയിരുന്നു. കൂടാതെ പ്രദേശത്ത് കാട്ടുപോത്ത്, കാട്ടുപന്നി, കരടി, കടുവ അടക്കമുള്ളവ പതിവായി എത്തുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
ആറുമാസങ്ങള്‍ക്കു മുമ്പ് പ്രദേശത്ത് ആനക്കിടങ്ങുകള്‍ നിര്‍മിച്ചതോടെ വന്യമൃഗ ശല്യത്തിന് നേരിയ ആശ്വാസമായിരുന്നു. എന്നാല്‍ കനത്ത മഴയില്‍ ആനക്കിടങ്ങുകളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോസിട്ട് വെള്ളം ഒഴുക്കിക്കളഞ്ഞിരുന്നു.
ഇരുവശങ്ങളും വനത്താല്‍ ചുറ്റപ്പെട്ട ഇഞ്ചക്കുഴി ഭാഗത്തെ പ്രവര്‍ത്തന രഹിതമായ സോളാര്‍ ഫെന്‍സിംഗ് പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമാക്കിയാല്‍ ഒരു പരിധിവരെ മേഖലയിലെ വന്യമൃഗ ശല്യം കുറയ്ക്കാന്‍ കഴിയും.
Tags : Nattuvishesham Districtnews District gripped animals