മഞ്ചേരി: പരിശോധനയ്ക്കിടെ ഡോക്ടർമാർ ഒപിയിൽ നിന്നിറങ്ങി പോയത് രോഗികളെ ദുരിതത്തിലാക്കി. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ ഒപിയിൽ ഒരേസമയം മൂന്ന് ഡോക്ടർമാർ പരിശോധന നിർത്തി പുറത്തുപോയതോടെയാണ് രോഗികൾ മണിക്കൂറുകളോളം ദുരിതത്തിലായത്. ജനറൽ മെഡിസിൻ ഒപിയിലെ അഞ്ച്, ആറ്, ഏഴ് കൗണ്ടറുകളിലെ ഡോക്ടർമാരാണ് ഇന്നലെ രാവിലെ 10.30 ഓടെ പരിശോധന നിർത്തി പുറത്തുപോയത്.
ഒപി സമയത്ത് രോഗികളെ പരിശോധിക്കേണ്ട ഡോക്ടർമാരെ യോഗങ്ങളിലും മറ്റ് ഡ്യൂട്ടികളിലും നിയോഗിച്ചതാണ് കാരണം. എന്നാൽ പകരം സംവിധാനം ഒരുക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. രാവിലെ എട്ടു മുതൽ ടോക്കണുമായി കാത്തുനിന്ന സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെയുള്ള രോഗികൾ ഒപിക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ കാത്തുനിന്നു.
ശസ്ത്രക്രിയ കഴിഞ്ഞവരടക്കം പല രോഗികളും ചക്രകസേരയിലാണ് എത്തിയിരുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന് ചികിത്സ തേടിയെത്തിയവരും കൂട്ടത്തിലുണ്ടായിരുന്നു. ഏറെ നേരം വരി നിന്ന് ടോക്കണ് എടുത്ത് കൗണ്ടറിന് മുന്നിലെത്തിയപ്പോഴേക്കും ഡോക്ടർമാർ പുറത്തുപോയിരുന്നതായി രോഗികൾ പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നോടെ ഒരു ഡോക്ടർ തിരിച്ചെത്തി പരിശോധന പുനരാരംഭിച്ചുവെങ്കിലും ലാബ് പരിശോധനയ്ക്കും മറ്റുമായി പോയ രോഗികൾ തിരിച്ചെത്തിയപ്പോഴേക്കും ഒപി സമയം കഴിഞ്ഞിരുന്നു. തുടർന്ന് പലരും പരിശോധനാഫലം അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരെ കാണിച്ചാണ് മടങ്ങിയത്.
Tags : District News Nattuvishesham Doctors walked out examination patients left in distress