ജോസ്ഗിരിയിൽ നടക്കുന്ന ഡ്രോൺ സർവേയിൽ നിന്ന്.
കണ്ണൂർ: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12 ഉരുൾപൊട്ടൽ സംഭവിച്ച് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായ ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം വില്ലേജിൽ ഡ്രോൺ സർവേ തുടങ്ങി. ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ പി. വിഷ്ണുരാജിന്റെ പ്രത്യേക നിർദേശപ്രകാരമാണ് മൂന്നംഗ സംഘം ശനിയാഴ്ച രാവിലെ മുതൽ ജോസ്ഗിരിയിൽ സർവേ തുടങ്ങിയത്.
ജോസ്ഗിരി, രാജഗിരി, കട്ടപ്പള്ളി ഉൾക്കൊള്ളുന്ന ചെങ്കുത്തായ പ്രദേശങ്ങളുടെ കൂടുതൽ വ്യക്തമായ ആകാശ ദൃശ്യങ്ങളിലൂടെ സമഗ്രമായ പ്രതിരോധ, പുനരധിവാസ നടപടികൾ സ്വീകരിക്കാൻ വേണ്ടിയാണ് ഡ്രോൺ സർവേ നടത്തുന്നത്.
പുളിങ്ങോം വില്ലജ് ഓഫീസർ കെ.എസ്. വിനോദ് കുമാർ, സ്പെഷൽ വില്ലേജ് ഓഫീസർ ശ്യാം തുടങ്ങിയവർ സർവേക്ക് നേതൃത്വം നൽകി.