തൊടുപുഴ: ബോധവത്കരണവും മുന്നറിയിപ്പും തുടരുമ്പോഴും ജില്ലയില്‍ മുങ്ങിമരണങ്ങളില്‍ ജീവന് നഷ്ടമാകുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച നഴ്സിംഗ് വിദ്യാര്‍ഥി ചെക്ക്ഡാമില്‍ മുങ്ങിമരിച്ചതാണ് ഇതില്‍ അവസാനത്തെ സംഭവം. ഏതാനും ദിവസം മുമ്പ് മണക്കാട് കുന്നത്തുപാറയില്‍ വിദ്യാര്‍ഥി കുളത്തില്‍ വീണു മരിച്ചിരുന്നു.
അഗ്നിരക്ഷാസേനയുടെ ഔദ്യോഗിക കണക്ക് പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ഇന്നലെ വരെ 15 പേരാണ് ജില്ലയില്‍ മുങ്ങി മരിച്ചത്. ഈ കണക്കുകളില്‍ പെടാത്ത സംഭവങ്ങളുമുണ്ട്. 15ല്‍ പത്തു പേര് പുരുഷന്മാരാണ്. ഇതിനു പുറമേ രണ്ട് സ്ത്രീകള്‍ക്കും മൂന്ന് ആണ്‍കുട്ടികള്‍ക്കും ജലാശയങ്ങളില്‍ ജീവന് നഷ്ടമായി. അടുത്തിടെ തൊടുപുഴ സ്റ്റേഷന് പരിധിയില്‍ മാത്രം നാല് മുങ്ങിമരണങ്ങളുണ്ടായി.
തൊടുപുഴയാറില്‍ മണക്കാട്, വെങ്ങല്ലൂര്‍ ഭാഗങ്ങളില്‍ മൂന്നും മണക്കാട് കുളത്തില്‍ ഒരാളുമാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമം, ആനവിലാസം കല്ലേപ്പുരമേട് പാറമടക്കുളം, അടിമാലി എല്ലയ്ക്കല് പുഴ, 10-ാം മൈല്‍, പനംകുട്ടി പവര്‍ഹൗസ്, മറയൂര്‍ കോവില്‍ക്കടവ്, മൂന്നാര്‍ സൗത്ത് ചൊക്കനാട് പുഴ തുടങ്ങി വിവധയിടങ്ങളിലായിരുന്നു മറ്റ് മുങ്ങിമരണങ്ങള്‍.
മലങ്കര, ആനയിറങ്ങല്‍, ചെങ്കുളം, പാംബ്ല ഡാമുകള്‍, കാളിയാര്‍, കാഞ്ഞിരമറ്റം, മാങ്കടവ്, കുഞ്ചിത്തണ്ണി, പഴയ മൂന്നാര്‍ പുഴകള്‍, അരുവിക്കുത്ത് വെള്ളച്ചാട്ടം, തേക്കടി കനാല്‍, പുറക്കയം ആറ്, ഇരട്ടയാര്‍ ടണല്‍, മാലി, പെരുമ്പന്‍കുത്ത്, അഞ്ചുരുളി, പാറക്കുളം, രാജാക്കണ്ടം, ആനകുത്തി, നരിയംപാറ, വെള്ളാരംകുന്ന്, അമ്മാവന്‍കുത്ത്, തൂവല്‍, തൂവാനം വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ മുങ്ങിമരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനുപുറമേ പടുതാക്കുളങ്ങളിലും തടയണകളിലും വീണും അപകടങ്ങളുണ്ടാകുന്നു.
ജില്ലയില്‍ ഒരു വര്‍ഷം ശരാശരി 40 പേര് വെള്ളത്തില്‍ മുങ്ങിമരിക്കുന്നതായാണ് കണക്ക്. അശ്രദ്ധയാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം. കുളിക്കാനും മീന്‍ പിടിക്കാനുമായി പുഴകളിലും തോടുകളിലുമിറങ്ങുന്നവര് അപകടത്തില്‍പ്പെടുന്നതിന് പ്രധാന കാരണം അടിയൊഴുക്കുള്ള കയങ്ങള്‍, ചുഴി, പാറക്കെട്ടുകളിലെ വഴുക്കല്‍ എന്നിവയാണ്. വെള്ളത്തിന് തണുപ്പും സാന്ദ്രതയും കൂടുതലായതിനാലാണ് ഡാമുകളിലും ജലാശയങ്ങളിലു അപകടങ്ങളുണ്ടാകുന്നത്. നന്നായി നീന്തലറിയാവുന്നവരും അപകടത്തില്‍പ്പെടാറുണ്ട്. ലഹരി ഉപയോഗിച്ചതിനു ശേഷം വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ അപകടസാധ്യത ഏറെയാണ്.
പരിചയക്കുറവ് അപകടം വരുത്തും
കുളങ്ങളിലും പുഴകളിലും അണക്കെട്ടുകളുള്പ്പെടെ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ആര്.ഷിനോയ് പറഞ്ഞു. നീന്തല്‍ പഠിച്ചിരിക്കേണ്ടത് അനിവാര്യമാണ്. പരിചിതമല്ലാത്ത ഇടങ്ങളില്‍ ഇറങ്ങുമ്പോള്‍ പ്രത്യേക കരുതല്‍ വേണം. ആഴമറിയാതെ ഇറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തും. ഡാമുകളിലെ വെള്ളത്തിന് തണുപ്പേറും. അടിയിലേക്ക് ചെല്ലുംതോറും കൈകാലുകള്‍ വേഗം കുഴയാന്‍ കാരണമാകും.
പാറമടക്കുളങ്ങളിലെ വെള്ളം പായല്‍ പിടിച്ചതായിരിക്കും. ഹൈറേഞ്ച് മേഖലകളിലെ പടുതാക്കുളങ്ങളില്‍ കൈവരികള്‍ ഉള്‍പ്പെടെയുള്ള സുരക്ഷയുറപ്പാക്കണം. ജില്ലയ്ക്ക് പുറത്തുനിന്ന് വരുന്നവര്‍ അപായ സൂചനകള്‍ ശ്രദ്ധിക്കാത്തതും അലക്ഷ്യമായി വിനോദത്തില്‍ ഏര്‍പ്പെടുന്നതും അപകടമുണ്ടാക്കും. ജില്ലയില്‍ സര്‍വസജ്ജമായ സ്കൂബാ സംഘമുള്ളത് തൊടുപുഴയില്‍ മാത്രമാണ്.
Tags : nattu vishesham Drowning deaths rise in the district