മണര്‍കാട്: മണര്‍കാട് വിശുദ്ധ മര്‍ത്ത്മറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിന് ഒരുക്കങ്ങള്‍ തുടങ്ങി. വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെയാണ് പെരുന്നാള്‍.
പെരുന്നാളിന്റെ ഒരുക്കങ്ങള്‍ക്കായി 1501 അംഗ കമ്മിറ്റി രൂപീകരിച്ചു. വികാരി കെ. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ കിഴക്കേടത്ത്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ ജെ. മാത്യു മണവത്ത്, ഫാ. ലിറ്റു ടി. ജേക്കബ്, ട്രസ്റ്റിമാരായ ഇ.വി. കുര്യാക്കോസ്, ബിജു വര്‍ഗീസ്, പി.എ. സ്കറിയാച്ചന്‍, സെക്രട്ടറി തോമസ് ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ശ്രേഷ്ഠ കാതോലിക്ക ബാവായും ഇടവക മെത്രാപ്പോലീത്തയും സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും സെപ്റ്റംബര്‍ ഒന്നു മുതല്‍ 14 വരെയുള്ള ദിനങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും.
സെപ്റ്റംബര്‍ ഒന്നിനു വൈകുന്നേരം നാലിനു കൊടിമരം ഉയര്‍ത്തുന്നതോടെ പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും. വിവിധ ആദ്യാത്മിക സംഘടനകളുടെ വാര്‍ഷിക സമ്മേളനത്തിലും മെറിറ്റ് ഡേയിലും വിവിധ മതമേലധ്യക്ഷന്മാരും, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, സാംസ്കാരിക നേതാക്കൾ തുടങ്ങിയവര്‍ പങ്കെടുക്കും.
റാസ ആറിന് നടത്തും. ഏഴിന് നടതുറക്കല്‍, എട്ടിനു പ്രദക്ഷിണം, നേര്‍ച്ച വിളന്പോടെ പെരുന്നാള്‍ സമാപിക്കും. പെരുന്നാൾ ദിനങ്ങളിൽ നേര്‍ച്ചക്കഞ്ഞി വിതരണം ഉണ്ടായിരിക്കും. കറിനേര്ച്ചക്കായി 1301 പറ അരിയുടെ പാച്ചോറാണു തയാറാക്കുന്നത്.
Tags : Local News Nattuvishesham Kottayam