കടുത്തുരുത്തി വലിയതോട് തോട് പുല്ലും പായലും നിറഞ്ഞ നിലയില്‍
കടുത്തുരുത്തി: പോളയും പായലും മാലിന്യവും നിറഞ്ഞു തോടുകള്‍. നീരൊഴുക്ക് നിലച്ച തോടുകള്‍ മാലിന്യവാഹിനികളായി മാറിയതിനൊപ്പം രോഗഭീഷണിയില്‍ നാടും നാട്ടുകാരും. തോടുകള്‍ മലിനമായത് കാര്‍ഷിക മേഖലയ്ക്കും ഭീഷണി ഉയര്‍ത്തുന്നു. നാട്ടിലെ തോടുകളും ജലാശയങ്ങളുമെല്ലാം ശുചിയാക്കി ഉപയോഗയോഗ്യമാക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. തോടുകളും കുളങ്ങളും കൈത്തോടുകളും ഉള്‍പ്പെടെയുള്ള നാട്ടിലെ ജലാശയങ്ങളെല്ലാം മാലിന്യം മൂടിയ അവസ്ഥയിലാണ്.
പുല്ലും പായലും പോളയും ചെളിയും മാലിന്യങ്ങളും നിറഞ്ഞ് കിടക്കുന്നതിനാല്‍ തോടുകളില്‍ വെള്ളം ഒഴുകി പോകാന്‍ മാര്‍ഗമില്ലാത്ത സ്ഥിതിയണ്. നീരൊഴുക്ക് നിലച്ച തോടുകളും ജലാശയങ്ങളും വൃത്തിയാക്കി കൃഷിക്ക് അനുകൂല സാഹചര്യമുണ്ടാക്കി തരണമെന്നത് കര്‍ഷകരുടെ പ്രധാന ആവശ്യമാണ്. കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ മേഖലയിലെ നെല്‍കര്‍ഷകരാണ് ഇതുമൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്.
എക്കല്‍ മണ്ണ് അടിഞ്ഞു കിടക്കുന്ന തോടുകളില്‍ ആനവാരി പുല്ലും മുള്ളന്‍ പായലും സിലോണ്‍ പായലുമെല്ലാം നിറഞ്ഞു കിടക്കുകയാണ്. എഴുമാംകായലിലേക്കും കരിയാറിലേക്കുമാണ് ജലാശയങ്ങളിലെയും തോടുകളിലെയും വെള്ളം ഒഴുകി പോകേണ്ടത്. എന്നാല്‍ ഏതാണ്ട് എല്ലാ തോടുകളും നീരൊഴുക്ക് നിലച്ച അവസ്ഥയിലാണ്. പലപ്പോഴും കൃഷിക്കു ഭീഷണിയുയര്‍ത്തുന്നതും ഈ തോടുകള്‍ തന്നെയാണ്.
കടുത്ത വേനലില്‍ പെട്ടന്ന് വറ്റുന്ന ഈ തോടുകളും ജലാശയങ്ങളും കര്‍ഷകര്‍ക്ക് കൃഷിയാവിശ്യത്തിന് വെള്ളമെടുക്കാന്‍ പ്രയോജനപ്പെടുന്നില്ല. വെള്ളം കുറയുന്നതോടെ പാടത്തേയ്ക്ക്് വെള്ളം കയറ്റാനാകാത്ത സ്ഥിതിയുമുണ്ട്. ഇതേ തോടുകളും ജലാശങ്ങളും വര്‍ഷക്കാലത്ത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നതും കൃഷിയ്ക്കു ഭീഷണിയായി മാറുകയും ചെയ്യും. കടുത്തുരുത്തി വലിയതോട്, ചുള്ളിത്തോട്, ആപ്പാഞ്ചിറ തോട്, പ്രദേശത്തെ മറ്റു തോടുകളെല്ലാം മാലിന്യം നിറഞ്ഞു ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങളായി.
വേനല്‍ ശക്തമായാല്‍ പ്രദേശവാസികളെല്ലാം കുടിവെള്ളത്തിനായി പരക്കം പായുന്ന അവസ്ഥയാണ് നാട്ടിലുള്ളത്. മാലിന്യം നിറഞ്ഞ ജലാശയങ്ങളെല്ലാം ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. നീരൊഴുക്കില്ലാത്ത തോടുകളില്‍ ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കുമിഞ്ഞ് കൂടുകയാണ്.
ചുള്ളിത്തോട്, ആപ്പാഞ്ചിറ തോടുകളില്‍ മുള്ളന്‍ പായലും പുല്ലും നിറഞ്ഞ് നീരൊഴുക്ക് നിലച്ചു കിടക്കുകയാണ്. വെള്ളാശേരി, മാന്നാര്‍ തെക്കുംപുറം, എരുമത്തുരുത്ത് കിഴക്കുപുറം, എരുമത്തുരുത്ത പടിഞ്ഞാറേപ്പുറം തുടങ്ങി മേഖലയിലെ പത്തിലധികം പാടശേരങ്ങളിലെ കൃഷിയക്ക് വെള്ളം ഉപയോഗിക്കുന്നത് ചുള്ളിത്തോട്, ആപ്പാഞ്ചിറ തോടുകളില്‍ നിന്നാണ്. പാടത്തേക്ക് വെള്ളം കയറ്റാനും അതുപോലെ വറ്റിക്കാനും പ്രയാസമാണ്. മലിനമായ വെള്ളമാണ് തോടുകളില്‍നിന്നും പാടത്തേക്ക് കയറ്റുന്നത്. നെല്ല് കൃഷിയെ ദോഷകരമായി ബാധിക്കുന്നു. നെല്ലിന് കുമിള്‍ രോഗങ്ങളുണ്ടാകാനും പതിര് കൂടാനും കറവലുണ്ടാകാനും മലിനജലം കാരണമാകുന്നു.
പുല്ലു നിറഞ്ഞ തോടുകളിലൂടെ ബോട്ടുകള്‍ക്കും ചെറുവള്ളങ്ങള്ക്കുമൊന്നും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. സഞ്ചാരികളുമായി പോകുന്നതിനിടെ പുല്ക്കെട്ടുകള്ക്കും പായലുകള്‍ക്കും ഇടയില്‍ കയറി ബോട്ടുകളുടെ യന്ത്രഭാഗങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാറുണ്ട്. ജലഗതാഗത്തിനും ഉള്‍നാടന്‍ ടൂറിസത്തിനും വലിയ സാധ്യയുള്ള പ്രദേശത്തെ മുഴുവന്‍ തോടുകളും നീരൊഴുക്ക് നിലച്ച് യാത്ര തടസ്സപ്പെടുത്തുന്ന നിലയില്‍ കിടക്കുന്നത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്നു.
തോടുകളുടെ നവീകരണത്തിനും സംരക്ഷണഭിത്തി നിര്‍മാണത്തിനും 10 കോടി
കടുത്തുരുത്തിയിലെ തോടുകളുടെ നവീകരണ്തിനും സംരക്ഷണഭിത്തി നിര്‍മാണത്തിനും മറ്റുമായി 10 കോടിയുടെ വികസന പദ്ധതിയായിട്ടുണ്ടെന്ന് ജലസേചന ഭവന നിര്‍മാണ മന്ത്രി മോന്‍സ് ജോസഫ്. കടുത്തുരുത്തി വലിയതോട്ടിലെ ചെളിയും മാലിന്യങ്ങളും കാടും പള്ളയുമെല്ലാം നീക്കം ചെയ്തു നവീകരിക്കും. തോടിന്റെ സംരക്ഷണഭിത്തി നിര്‍മാണം ഉള്‍പെടെയുള്ള ഇറിഗേഷന്‍ ടൂറിസം വികസന പദ്ധതി നടപ്പാക്കും. ബജറ്റില്‍ ഉള്‍പെടുത്തി പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
താന്‍ നല്കിയ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഫണ്ട് അനുവദിച്ചത്. കടുത്തുരുത്തിയില്‍ ഇറിഗേഷന്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് രണ്ട് കോടി രൂപയുടെ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്തുരുത്തി ടൗണ്‍ മുതല്‍ വലിയതോട് നവീകരണം, ആപ്പാഞ്ചിറ തോട്, കാന്താരിക്കടവ്, ആപ്പുഴ ആയാംകുടി, എഴുമാന്തുരുത്ത് തോട് നവീകരണവും ജലഗതാഗത ടൂറിസം വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ കഴിയുന്ന വിധത്തിലുളള പ്രോജക്ടിന് രൂപം നല്‍കുമെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
Tags : Local News Nattuvishesham Kottayam