പ്രതീകാത്മക ചിത്രം
അമ്പലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ പോരായ്മകള്‍ പരിഹരിച്ച് സൂപ്പര്‍ സ്പെഷ്യാലിറ്റിയായി ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് മുന്‍ എംപി ഡോ. കെ.എസ്. മനോജ്. പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റിൽ തന്നെ എട്ട് നിലകളുള്ള പുതിയ കെട്ടിടം വകയിരുത്തിയതോടെ ആശുപത്രി വികസനത്തിന്റെ പാതയിലേക്ക് കുതിക്കുമെന്ന പ്രതീക്ഷയിലാണ്. ജി. സുധാകരൻ എംഎൽഎയുടെ ശ്രമഫലമായാണ് ആദ്യബജറ്റില്‍ തന്നെ കെട്ടിടത്തിനായി 25 കോടി രൂപ ഉൾപ്പെടുത്താനായത്.
2010ൽ ജി. സുധാകരൻ സഹകരണ മന്ത്രിയായിരിക്കെ മുൻകൈ എടുത്താണ് കേപ്പിന്റെ കീഴിൽ ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്. ദിവസം 80 ഓളം പേർക്ക് ഡയാലിസ് ചെയ്യാനുള്ള സൗകര്യങ്ങളാണ് ഉള്ളതെങ്കിലും നിലവിൽ 96 പേർക്ക് ചികിത്സ നൽകിവരുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി ഒരു മെഗാ ഡയാലിസ് സെന്റർ, ഗാസ്ട്രോ വിഭാഗത്തിന് എൻഡോ സ്കോപ്പിക് ലാബ്, ഗൈനക്കോളജി വിഭാഗത്തിൽ പ്രത്യേക പാക്കേജ്, ഓങ്കോളജി വിഭാഗം, വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു ആംബുലൻസ് എന്നീ പോരായ്മകൾ കൂടി പരിഹരിക്കേണ്ടതുണ്ട്.
ഇതെല്ലാം പരിഹരിക്കാനുള്ള ശ്രമം നടത്തും. സഹകരണ മന്ത്രി എം. ലിജുവിന്റെയും കെ.സി. വേണുഗോപാല്‍ എംപിയുടെയും ഇടപെടലുകളിലൂടെ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയായി ഉയര്‍ത്താന്‍ കഴിയും. ആരോഗ്യ പരിരക്ഷ സംവിധാനം നിര്‍ത്തിവെക്കാനുണ്ടായ കാരണങ്ങള്‍ പരിശോധിച്ചശേഷം പുനരാരംഭിക്കാനുളള ശ്രമങ്ങള്‍ നടത്തും. പുതിയ എട്ട് നില കെട്ടിടം യാഥാർഥ്യമാകുന്നതോടെ കൂടുതൽ വിഭാഗങ്ങളും കിടപ്പിലായ രോഗികൾക്ക് വേണ്ട പരിചരണങ്ങൾ ഒരുക്കുവാൻ വയോജന ക്ലിനിക്ക് ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.