കാടുകുറ്റി: അന്നനാട് ത്രിവേണി ജംഗ്ഷനു സമീപം വയോധികനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അന്ത്രപ്പേർ വില്ലയിൽ ജോസഫ് മാത്യു(71) ആണ് മരിച്ചത്. ഭാര്യയും മക്കളും വിദേശത്തും മറുനാട്ടിലുമായതിനാൽ ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
ഞായറാഴ്ച ഇയാളെ പുറത്തു കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ വീടിനു ചുറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീടിനുള്ളിൽ ഫാൻ കറങ്ങുന്നതും വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലുമാണെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെ കൊരട്ടി പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലിസ് സ്ഥലത്തെത്തി ജനൽപാളിയുടെ ചില്ല് തകർത്ത് പരിശോധിച്ചപ്പോഴാണ് ജോസഫ് കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാതിൽ പൊളിച്ച് അകത്തുകയറി മരണം സ്ഥിരീകരിച്ചു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമികനിഗമനം. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്കാരം പിന്നീട്. ഭാര്യ: ലിസി. മക്കൾ: ജിം (ചെന്നൈ), അലക്സ് (യുഎസ്എ), ലിയ. മരുമക്കൾ: മീര (ചെന്നൈ), മാജ (യുഎസ്എ), ഡോൺ.